വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന പൊലിസ് നിലപാടിനെതിരെ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ അവര്‍ ഓടുന്ന വണ്ടിയില്‍ വച്ച് കൂട്ടമാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടി ആ സ്ഥലങ്ങളെല്ലാം കൃത്യമായി ഓര്‍ത്തിരിക്കണമെന്ന പൊലിസ് വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.

‘എന്ത് ക്രൂരതയാണ് ഇവര്‍ സംസാരിക്കുന്നത്..ഒരു പെണ്‍കുട്ടിയെ പിടിച്ചു വലിച്ച് വണ്ടിയില്‍ കയറ്റി പീഡിപ്പിക്കുകയാണ് ഇവിടെ ചെയ്തത്. താന്‍ പീഡിപ്പിക്കപ്പെട്ട സ്ഥലമൊക്കെ ഒരു ഇര അടയാളപ്പെടുത്തി വയ്ക്കണോ? എല്ലാ തെളിവുകളും തങ്ങള്‍ കൊണ്ടു പോയി കൊടുത്താല്‍ വേണമെങ്കില്‍ അന്വേഷിക്കാം എന്നാണ് നിലപാടെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ പൊലിസിന്റെ ആവശ്യം’ ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

രണ്ടു വര്‍ഷം മുമ്പാണ് വടക്കാഞ്ചേരിയില്‍ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പൊലീസ് അന്വേഷണത്തില്‍ നീതികിട്ടാതെ പോയ ഇവരുടെ അവസ്ഥ ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെ വലിയ ചര്‍ച്ചയാവുകയായിരുന്നു.
ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പം എത്തിയാണ് പീഡനത്തിന് ഇരയായ യുവതിയും ഭര്‍ത്താവും പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പീഡനം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

നീതി നടപ്പാക്കണം എന്ന ആഗ്രഹത്തോടെയാണ് ഈ പെണ്‍കുട്ടിയെ താന്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടു വന്നത്. ഇപ്പോഴും മാനസികമായി തകര്‍ന്ന നിലയില്‍ തുടരുന്ന ആ പെണ്‍കുട്ടിയുമായി താന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. അവസാനനിമിഷം വരെ ആ പെണ്‍കുട്ടിക്കൊപ്പം താനുണ്ടാവും ഭാഗ്യലക്ഷ്മി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here