ആലപ്പുഴ ∙ അറബിക്കടലിൽ കേരളത്തിന്റെ സമുദ്രതീരത്തു വിഷപ്പായൽ നിറയുന്നു. കടലിലെ സന്തുലിതാവസ്ഥയുടെ മാറ്റം സൂചിപ്പിക്കുന്ന ചുവന്ന പായലിനു കാരണം വിഷാംശമുള്ള നൊക്ടിലുക്ക സെന്റിലിസ് ആണെന്നു ഗവേഷക സംഘം കണ്ടെത്തി. വിഷപ്പായലിന്റെ വ്യാപ്തിയും പ്രത്യാഘാതങ്ങളും സംബന്ധിച്ചു വിവിധ ഗവേഷക സംഘങ്ങൾ പഠനം ആരംഭിച്ചു.

ആലപ്പുഴ തീരത്തു തിളങ്ങുന്ന തിരമാലകൾ ദൃശ്യമായതിനെ തുടർന്നു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി ശേഖരിച്ച ഉപഗ്രഹചിത്രത്തിലാണു കേരളതീരം മുഴുവൻ ചുവന്ന വിഷപ്പായൽ നിറഞ്ഞതായി കണ്ടെത്തിയത്. ജൂൺ പത്തു മുതൽ 17 വരെയുള്ള കാലയളവിൽ അറബിക്കടലിൽ കേരളത്തിന്റെ തീരത്തും ആഴക്കടലിലും പായൽ നിറഞ്ഞു വരുന്നതായി കാണാമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിസ്റ്റ് ഡോ. പി.കെ. ദിനേഷ്കുമാർ പറഞ്ഞു. ആലപ്പുഴ കടപ്പുറത്തു നിന്നു ഫിഷറീസ് സർവകലാശാല ഗവേഷകസംഘം ശേഖരിച്ച പായൽ പരിശോധിച്ചതിൽ നിന്നാണു നൊക്ടിലുക്ക സിന്റലസ് എന്ന വിഭാഗത്തിൽ പെടുന്ന ജൈവപ്ലവകങ്ങളാണു വ്യാപിക്കുന്നതെന്നു കണ്ടെത്തിയത്. സ്വയം പ്രകാശിക്കാൻ കഴിവുള്ള (ബയോലൂമിനസെൻസ്) ഇവയെ ഏതെങ്കിലും തരത്തിൽ ശല്യപ്പെടുത്തുമ്പോഴാണു പ്രകാശം പുറത്തു വരുന്നത്.

‌തീരത്ത് അര കിലോമീറ്റർ അകലെ ചുവന്ന അരഞ്ഞാണം പോലെ പായൽ വ്യാപിച്ചു കിടക്കുന്നുണ്ട്. തീരത്തെ മണൽത്തരികളിൽ അടിഞ്ഞുകൂടിയ ജൈവപ്ലവകങ്ങളെ ചവിട്ടുമ്പോഴും രാത്രിയിൽ പ്രകാശം പുറത്തു വരും. പോള അല്ലെങ്കിൽ കടൽക്കറ എന്നറിയപ്പെടുന്ന ഇവ എല്ലാ വർഷവും മൺസൂൺ സമയത്തു കടലിൽ ഉണ്ടാവുന്നതു പതിവാണ്. എന്നാൽ, തീരത്തോടടുത്ത് ഇത്ര വ്യാപകമായ തോതിൽ പായൽ രൂപപ്പെട്ടതു കടലിലെ മാറ്റങ്ങളുടെ സൂചനയാണെന്നു സമുദ്ര ഗവേഷകർ സംശയിക്കുന്നു.

വർഷങ്ങൾക്കു മുൻപു വിഴിഞ്ഞത്തു വിഷപ്പായൽ കലർന്ന കക്ക കഴിച്ച് ഏഴു പേർ മരിച്ചിരുന്നു. രണ്ടു വർഷം കഴിഞ്ഞാണു പായലിൽ നിന്നു കക്കയിലൂടെ എത്തിയ വിഷമാണു മരണകാരണമെന്നു കണ്ടെത്തിയത്. കടലിൽ കണ്ടെത്തിയ നൊക്ടിലുക്ക വിഭാഗത്തിൽപ്പെടുന്ന പ്ലവകങ്ങളും വിഷാംശമുള്ളവയാണ്. മാത്രമല്ല, മൽസ്യങ്ങളുടെ ആഹാരമായ ഡയാറ്റം വിഭാഗത്തിൽപ്പെടുന്ന സസ്യപ്ലവകങ്ങൾക്കു പകരമാണു നൊക്ടിലൂക്ക രൂപപ്പെട്ടത്. ഓക്സിജൻ ആവശ്യമില്ലാത്ത ഇവ പെരുകുന്നതു കടലിലെ ഓക്സിജന്റെ അഭാവത്തെയും സൂചിപ്പിക്കുന്നു. ‌ഡയാറ്റം പ്ലവകങ്ങളുടെ നാശം മൽസ്യക്കൂട്ടത്തിന്റെ നാശത്തിലേക്കും നയിക്കാം.

സമുദ്രത്തിലെ ഭക്ഷണശൃംഖലയ്ക്കു നാശം സംഭവിച്ചിട്ടുണ്ടോയെന്നതു പരിശോധിക്കേണ്ടതാണെന്നു ഫിഷറീസ് സർവകലാശാലാ പ്രൊ-വൈസ് ചാൻസലർ ഡോ. കെ. പത്മകുമാർ പറഞ്ഞു. തീരത്തു കാണുന്ന പ്ലവകങ്ങളിലെ വിഷാംശം സംബന്ധിച്ചും പഠനം നടത്തേണ്ടതുണ്ട്. സമുദ്രത്തിന്റെ താപനില, ജലത്തിന്റെ ഘടന എന്നിവ സംബന്ധിച്ചു പരിശോധന നടത്തിവരികയാണ്. സമുദ്രത്തിൽ നൈട്രജൻ, ഫോസ്ഫറസ് എന്നിവയുടെ സാന്ദ്രത വർധിച്ചതായിരിക്കാം പായൽ പെരുകുന്നതിനു കാരണമെന്നാണു സംശയിക്കുന്നത്. മഴയുടെ കുറവു മൂലമായിരിക്കാം ഡയാറ്റം പ്ലവകത്തിനു പകരം നൊക്ടിലുക്ക പോലുള്ള വിഷപ്പായൽ പെരുകുന്നതെന്നാണു സംശയം.

LEAVE A REPLY

Please enter your comment!
Please enter your name here