തിരുവനന്തപുരം∙ പേവിഷബാധയുള്ളതോ ആക്രമണകാരികളോ ആയ തെരുവുനായ്ക്കളെ കൊല്ലാൻ സർ‌വകക്ഷി യോഗത്തില്‍ തീരുമാനം. ഇതിനു നിയമതടസ്സമില്ല. എല്ലാ മൃഗാശുപത്രികളിലും േപവിഷ പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണ കുത്തിവയ്പിനും ഉടൻ സംവിധാനമൊരുക്കും. പേവിഷ ബാധയ്ക്കെതിരായ വാക്സിൻ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കും. നായ്ക്കളെ പിടികൂടി ആശുപത്രിയിലെത്തിക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സർവകക്ഷിയോഗ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

കൊച്ചി/തിരുവനന്തപുരം∙ തെരുവുനായ്ശല്യം ചർച്ചചെയ്യാൻ തിരുവനന്തപുരത്തു വിളിച്ചുകൂട്ടിയ സർവകക്ഷിയോഗത്തിന്റെ തീരുമാനം അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. കേസ് അടുത്തയാഴ്ചത്തേക്കു മാറ്റി.

പൊതുനിരത്തുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബേസിൽ അട്ടിപ്പേറ്റി സമർപ്പിച്ച ഹർജിയാണു ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. തെരുവുനായ്ശല്യം രൂക്ഷമായതോടെ ജനം ഭീതിയിലാണെന്നും അടുത്തയിടെ രണ്ടുപേർ പേവിഷബാധയേറ്റു മരിച്ചെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി. അതേസമയം, മനുഷ്യജീവനു ഭീഷണിയായ നായ്ക്കളെ കൊല്ലുന്നതിനു നിയമതടസമില്ലെന്നു നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് തിരുവനന്തപുരത്തു സർവകക്ഷിയോഗത്തെ അറിയിച്ചു. മറ്റു നായ്ക്കളെ കൊല്ലുന്നതിനെതിരായ ഹർജി കോടതിയുടെ പരിഗണനയിലാണ്. ഡല്‍ഹി മാതൃകയിലാണു നായകൾക്കു പേവിഷ പ്രതിരോധ മരുന്നു കുത്തിവയ്ക്കുക.

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പേവിഷ പ്രതിരോധ പദ്ധതിയും ഫലപ്രദമായിട്ടുണ്ട്. കുത്തിവയ്പെടുത്ത നായകളുടെ ചെവിയിൽ അടയാളമിടും. പേവിഷ പ്രതിരോധ കുത്തിവയ്‍പിനായി അഞ്ചു കോടിയുടെ കേന്ദ്ര സഹായം ലഭ്യമാക്കും.

സംസ്ഥാനത്തു കഴിഞ്ഞ വർഷം 90,000 പേർക്കു തെരുവു നായകളുടെ കടിയേറ്റിട്ടും ഒട്ടേറെ പേർ പേവിഷ ബാധയേറ്റു മരിച്ചിട്ടും പ്രശ്നം ഗൗരവത്തോടെ കാണുന്നില്ലെന്നു വിഷയം അവതരിപ്പിച്ച ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. നായ്ക്കളെ കൊന്നാലും പൊതുസ്ഥലത്തു മാലിന്യമുണ്ടെങ്കിൽ അവ വീണ്ടും പെറ്റുപെരുകുമെന്ന് ആസൂത്രണ ബോർഡ് അംഗം സി.പി. ജോൺ ചൂണ്ടിക്കാട്ടി. മാലിന്യപ്രശ്നം തീർക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ മുന്തിയ പരിഗണന നൽകണമെന്നു നിർദേശിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.

പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ മുഖ്യമന്ത്രി കലക്ടർമാരും ജനപ്രതിനിധികളുമായി വിഡിയോകോൺഫറൻസ് നടത്തും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, മന്ത്രിമാരായ മഞ്ഞളാംകുഴി അലി, എം.കെ. മുനീർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവരും യോഗത്തിൽ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here