1975ല്‍ തിരുനെല്ലിക്കാട്ടില്‍ വര്‍ഗീസ് പൊലീസിന്റെ വെടിയേറ്റ് മരിച്ചതിന് ശേഷം കേരളത്തില്‍ നടക്കുന്ന ഏക ഏറ്റുമുട്ടല്‍ കൊലപാതകം. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ പൂളയ്ക്കപ്പാറ വനമേഖലയില്‍ രഹസ്യയോഗങ്ങള്‍ നടക്കുന്നുവെന്ന് ബുധനാഴ്ച്ച അര്‍ധരാത്രിയോടെയാണു പൊലീസിനു വിവരം ലഭിക്കുന്നത്.ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലോടെതന്നെ പൊലീസും തണ്ടര്‍ബോള്‍ട്ടും കാടുകയറിയിരുന്നു.

വനത്തിനകത്തുണ്ടായിരുന്ന 11 അംഗ സംഘത്തിനു നേരെ തണ്ടര്‍ബോള്‍ട്ട് ഗ്രനേഡ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. തുടര്‍ന്ന് മാവോയിസ്റ്റ് സംഘവുമായി അരമണിക്കൂര്‍ നേരം ഏറ്റുമുട്ടല്‍ നടക്കുകയും രണ്ടു പേര്‍ കൊല്ലപ്പെടുകയും മാവോയിസ്റ്റ് പ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ സോമന് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് പൊലീസ് അനൗദ്യോഗികമായി പറയുന്നത്. അറുപതോളം പേരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് അകത്ത് കയറിയതെന്ന വിവരമാണ് പുറത്തുവരുന്നത്. മാവോയിസ്റ്റുകള്‍ തിരിച്ചും വെടിവെച്ചെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും സേനാംഗങ്ങളിലാര്‍ക്കുംതന്നെ പരിക്കേറ്റതായി വിവരമില്ല. മാത്രമല്ല വെടിയേറ്റെന്ന പറയുന്ന സോമനെക്കുറിച്ചും പൊലീസിന് യാതൊരു വിവരവുമില്ല. ഇയാളെ കൂടെയുള്ളവര്‍ രക്ഷപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം.

പടുക്ക വനമേഖലയില്‍ നിന്നു പുറത്തുകടക്കാന്‍ നാലു മാർഗങ്ങളാണുള്ളത്. ഇതെല്ലാം തണ്ടര്‍ബോള്‍ട്ട് വളഞ്ഞിരിക്കെ സോമനെയും കൊണ്ടു മാവോയിസ്റ്റ് സംഘം എങ്ങോട്ടു രക്ഷപ്പെട്ടെന്ന ചോദ്യവും അവശേഷിക്കുന്നു. തണ്ടര്‍ബോള്‍ട്ട് വളഞ്ഞതിനെത്തുടര്‍ന്ന് ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കാട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു.

പടുക്ക വനമേഖലയില്‍ പൂളയ്ക്കപ്പാറ കോളനിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ രാവിലെ 11.30 ഓടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ മാവോയിസ്റ്റ് പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചു കൊന്നെന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുസ്വാമി സംഘടനയുടെ പ്രധാന സൈദ്ധാന്തികനാണ്. നേരിട്ടൊരു ഏറ്റുമുട്ടലിന് തോക്കെടുക്കാന്‍ സംഘടനയിലെ സൈദ്ധാന്തികര്‍ തയ്യാറാവാറില്ല. ശക്തമായ ഏറ്റുമുട്ടല്‍ നടന്നുവെന്ന പൊലീസ് ഭാഷ്യമാണ് ദുരൂഹതയുയര്‍ത്തുന്നത്.

ഏറ്റുമുട്ടല്‍ നടന്നെന്ന് പൊലീസ് പറയുന്ന വനമേഖലയുടെ സമീപത്തു കഴിയുന്ന പൂളയ്ക്കാമല അരനാടര്‍ കോളനിയിലെ മാതയും വെടിയൊച്ച കേട്ടിരുന്നു. രണ്ടോ മൂന്നോ തവണ മാത്രമാണ് വെടിയൊച്ചയുണ്ടായതെന്ന് മാതാ നാരദാ ന്യൂസിനോട് പറഞ്ഞു. പടുക്ക ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കോളനിയില്‍ താമസിക്കുന്ന വീരനും ഉച്ചയ്ക്ക് 12 ഓടെ വെടിയൊച്ച കേട്ടതായി പറയുന്നുണ്ട്. മാവോയിസ്റ്റ് പ്രവര്‍ത്തകരെ ചില ദിവസങ്ങളില്‍ ഇവിടെ കാണാറുണ്ടെന്നും അവര്‍ തങ്ങള്‍ക്ക് ഒരിക്കലും ഭീഷണിയുയര്‍ത്തുന്ന നടപടിയിലേക്ക് നീങ്ങിയിട്ടില്ലെന്നും വീരന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. സാധാരണ നിലയില്‍ പടുക്ക മേഖലയില്‍ അഞ്ചോ ആറോ അജ്ഞാതരെ കാണാറുണ്ടെന്നും പൊലീസ് പറയുംപോലെ 12 അംഗ സംഘത്തെയൊന്നും ഇത്രയും കാലത്തിനിടയ്ക്ക് കണ്ടിട്ടില്ലെന്നും വെടിയൊച്ച കേട്ടില്ലെന്നും പ്രദേശവാസിയായ അയമു പറഞ്ഞു.

പടുക്ക വനമേഖലയോട് ചേര്‍ന്ന് പുഞ്ചക്കൊല്ലിയിലും പ്രദേശത്തുമാണ് സാധാരണ നിലയില്‍ സിപിഐ മാവോയിസ്റ്റിലെ നാടുകാണി ദളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചിരുന്നു. ഉള്‍ക്കാട്ടിലേക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകാറുള്ള കാട്ടുനായ്ക്ക-ചോലനായ്ക്ക വിഭാഗങ്ങളും വനപാലകരും അജ്ഞാതരെ പലതവണ മുഖാമുഖം കണ്ടിട്ടുണ്ടെന്ന് ഒരു വനപാലകന്‍ പറയുന്നു. അമ്പതും നൂറും പേരടങ്ങുന്ന തണ്ടര്‍ബോള്‍ട്ടിനെ നേരിടാനുള്ള ആള്‍ബലമോ ആയുധശക്തിയോ ഇവിടെ തമ്പടിച്ച മാവോയിസ്റ്റ് സംഘങ്ങള്‍ക്കില്ലെന്ന് തന്നെയാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. വ്യാഴാഴ്ച്ച തണ്ടര്‍ബോള്‍ട്ടും പൊലീസും കാടു വളയുന്നതോടെ കീഴടങ്ങുന്നതിനപ്പുറമുള്ളൊരു ഏറ്റുമുട്ടല്‍ സാധ്യത കൊല്ലപ്പെട്ടവരുടെ മുന്നില്‍ ഉണ്ടാകുകയുമില്ല.

രണ്ടു പേര്‍ കൊല്ലപ്പെട്ട ശേഷം സ്ഥലത്തെത്തിയ തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘത്തെയോ ആന്ധ്ര പൊലീസിനെയോ കേരള അധികൃതര്‍ അകത്തേക്ക് കയറ്റിവിട്ടതുമില്ല. മാധ്യമപ്രവര്‍ത്തകരെ നാലു കിലോമീറ്റര്‍ അകലെ വച്ചു തന്നെ പൊലീസ് തടഞ്ഞുവച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രണ്ടുപേരുടെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോയ വേളയിലും വനത്തിനകത്തേക്ക് കയറാനോ മറ്റു ദൃശ്യങ്ങള്‍ പകര്‍ത്താനോ പൊലീസ് സമ്മതിച്ചതുമില്ല. ഇതിനിടെ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ പൊലീസ് തന്നെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി വാട്ട്‌സ് ആപ്പ് വഴി മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുക്കുകയാണുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here