എറണാകുളത്തെയും തിരുവനന്തപുരത്തെയും റസ്റ്റ് ഹൌസുകളിൽ നിയമവിരുദ്ധമായി മൂവായിരത്തിലേറെ ദിവസം താമസിച്ച വകയിൽ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന് 13,69,520 രൂപയുടെ ബാധ്യത ചുമത്തി ധനകാര്യ പരിശോധനാ വിഭാഗം. രണ്ടായിരം മുതൽ ജോമോൻ എറണാകുളം റസ്റ്റ് ഹൌസിൽ നിയമവിരുദ്ധമായി സ്ഥിരതാമസത്തിലാണെന്ന പരാതിയിന്മേലാണ് അന്വേഷണം നടത്തിയത്.

തിരുവനന്തപുരത്തും എറണാകുളത്തും ഒരേ ദിവസം താമസിച്ച 21 സന്ദർഭങ്ങളാണ് റിപ്പോർട്ടിലെ തുറുപ്പുചീട്ട്. തിരുവനന്തപുരത്ത് ബുക്കു ചെയ്ത് താമസിച്ച അതേ ദിവസങ്ങളിത്തന്നെ എറണാകുളത്തും ജോമോൻ താമസിച്ചതായി രേഖയുണ്ട്. ഇതിൽ തിരുവനന്തപുരത്തെ താമസം പരിശോധനയിൽ ശരിയാണെന്നു തെളിഞ്ഞിട്ടുണ്ട്. എറണാകുളത്തെ രജിസ്റ്ററിലേത് വ്യാജ രേഖപ്പെടുത്തലുകളാണ് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ബുക്കിംഗില്ലാതെ ഒരു സാധാരണക്കാരന് റസ്റ്റ് ഹൌസിൽ മുറിയുണ്ടെങ്കിൽ ഒരു ദിവസത്തേയ്ക്ക് അനുവദിക്കാനാണ് വ്യവസ്ഥ. കൂടുതൽ ദിവസം താമസിക്കണമെങ്കിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ മുതലുളളവരുടെ അനുവാദം വാങ്ങണം. അതൊന്നും ജോമോന്റെ കാര്യത്തിൽ സംഭവിച്ചിട്ടില്ല. ബുക്കിംഗ് നടത്തി തിരുവനന്തപുരത്ത് 55 ദിവസവും എറണാകുളത്ത് 35 ദിവസവുമാണ് താമസിച്ചതായി രേഖയുളളത്. ബുക്കിംഗില്ലാതെ താമസിച്ചത് മൂവായിരത്തിലേറെ ദിവസവും.

മൂന്നു ദിവസത്തിലധികം തുടർച്ചയായി താമസിച്ചാൽ ഇരട്ടി വാടക ഈടാക്കണമെന്നാണ് നിയമം. എറണാകുളത്ത് തുടർച്ചയായി 15 ദിവസവും തിരുവനന്തപുരത്ത് തുടർച്ചയായി ഒരു മാസവും താമസിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അതുപോലെ യഥാർത്ഥ വാടക ഒരിക്കലും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ജോമോന്റെ അനധികൃത താമസത്തെക്കുറിച്ച് പിഡബ്ലുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും റിപ്പോർട്ടുണ്ടെന്നാണ് സൂചന. ഇടതു സർക്കാർ അധികാരമേറ്റതിനു ശേഷം ജോമോനെ മുറിയിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. ജോമോന്റെ സാധനസാമഗ്രികളെല്ലാം ഈ മുറിയോടു ചേർന്ന മറ്റൊരു ഹാളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ മുറി സ്റ്റോർ റൂമാണെന്നായിരുന്നു ജീവനക്കാരുടെ വാദം. എന്നാൽ ജോമോന്റെ സാധനസാമഗ്രികൾ നീക്കം ചെയ്ത ഈ ഹാൾ ഇപ്പോൾ പ്രതിദിനം ആയിരം രൂപ വാടകയ്ക്ക് നൽകുന്നുണ്ട്.

ജീവനക്കാരെ സ്വാധീനിച്ചും ബ്ലാക്ക് മെയിൽ ഭീഷണി മുഴക്കിയുമാണ് ഇത്രയും കാലം നിയമവിരുദ്ധ താമസം തരപ്പെടുത്തിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. ഭീഷണിയുടെ കാര്യം റസ്റ്റ് ഹൌസ് ജീവനക്കാർ മൊഴിയായും നൽകിയിട്ടുണ്ടെന്നറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here