
വാര്‍ദ ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ തീരത്തെത്തി. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ചെന്നൈ നഗരത്തില്‍ കാറ്റും മഴയും ശക്തമായിരിക്കുകയാണ്. ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് തമിഴ്‌നാട് ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തീരങ്ങളില്‍ അതിശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്.
പ്രതീക്ഷിച്ചതിലും നേരത്തെ തമിഴ്നാട് തീരത്തെത്തിയ വർദ ചുഴലിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി. മണിക്കൂറിൽ 100- 150 കിലോമീറ്റർ വേഗതിയിലാണ് കാറ്റു വീശുന്നത്. ആയിരത്തിയഞ്ഞൂറോളം മരങ്ങൾ കടപുഴകി വീണു. മരം വീണു ഇതുവരെ രണ്ടു പേർ മരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. വിഴുപുരത്ത് നിരവധി വീടുകൾ തകർന്നു വീണിട്ടുണ്ട്. എഗ്മോർ,ടി നഗർ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ തുടങ്ങി.
തീര പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും ശക്തമായ കാറ്റും കനത്ത മഴയുമാണ് അനുഭവപ്പെടുന്നത്. തുടർന്നു ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈ വഴിയുള്ള വിമാനങ്ങൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്. കൂടാതെ സബർബൻ ട്രെയിൻ സർവീസ് നിർത്തിവച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് മെട്രോ ട്രെയിൻ വേഗം കുറയ്ക്കുമെന്ന് അറിയിച്ചു. കാലാവസ്ഥ വീണ്ടും മോശമാവുകയാണെങ്കിൽ മെട്രോ സർവീസ് നിർത്തിവച്ചേക്കും. റെയിൽ പാളങ്ങൾ പലയിടത്തും തകരാറിലായി. ചെന്നൈയിൽ നിന്നും പുറപ്പെടേണ്ട പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
262 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ വിവിധ പ്രദേശങ്ങളിലായ സജ്ജമാക്കിയിട്ടുണ്ട്. ഏഴായിരത്തോളം ആളുകളെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്ത നിവാരണ സേനയേയും അര്‍ധ സൈനികരേയും വിന്യസിച്ചു. അപകട സാധ്യത കണക്കിലെടുത്ത് നാവിക സേന രണ്ടു കപ്പലുകള്‍ ചെന്നൈ തീരത്തു വിന്യസിച്ചു.
കർശന ജാഗ്രതാ നിർദേശമാണ് തമിഴ്നാട് സർക്കാരും പ്രാദേശിക ഭരണ കൂടവും നൽകിയത്. ആളുകള്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശിച്ചു.
ജലാശയങ്ങളിൽ ഇറങ്ങുകയോ നീന്തുകയോ അരുത്. അവശ്യ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും വാങ്ങി സൂക്ഷിക്കാൻ നിർദ്ദേശം. ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്ത് സൂക്ഷിക്കണം.
ചെന്നൈ ഉള്‍പ്പെടെയുള്ള നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസങ്ങളിൽ നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ദുരന്ത നിവാരണ സേനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഭക്ഷണം, വെള്ളം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ സേന സജ്ജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അമ്മ മെസ് വഴി സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് എഐഎഡിഎംകെ അറിയിച്ചു.
ആന്ധ്രാപ്രദേശിലും വർദ നാശനഷ്ടം വിതയ്ക്കുന്നുണ്ട്. മഴയും മാറ്റും മൂലം പതിനായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നെല്ലൂരിൽ മാത്രം ഒരു കമ്പനി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
കേരളത്തിലെ വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പു ലഭിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യത്തില്‍ സഹായത്തിനായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആന്ധ്രപ്രദേശ്: 0866-2488000, തമിഴ്‌നാട്: 044-28593990
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 044-25619206, 25619511,25384965
വാട്‌സ് ആപ്പ് നമ്പര്‍: 9445477207,9445477203,9445477206