റാന്നി : ക്രിസ്മസിന് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് എന്തു  സമ്മാനമാണ് നല്‍കേണ്ടത്.? ഈ നാളുകളില്‍ നമ്മില്‍ അധികം പേരെയും ഭരിക്കുന്ന ചോദ്യമാണിത്. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ ഫാദര്‍.പി.എ. ഫിലിപ്പ് ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയത് ഈ രീതിയിലാണ്.  ജന്മദേശമായ റാന്നി താലൂക്കില്‍ മാരകരോഗങ്ങളും ബാധിച്ചും വാര്‍ദ്ധക്യ സഹജ മായ അനാരോഗ്യം മൂലവും അപകടങ്ങള്‍ സംഭവിച്ചും ശയ്യാവലംബികളായി കഴിയുന്ന 700 ല്‍ അധികം കിടപ്പു രോഗികള്‍ ഉണ്ട്.  അവര്‍ക്ക് സ്വാന്തന പരിചരണം ( ജമഹഹശമശ്ലേ ഇമൃല )  നല്‍കുവാന്‍ രൂപീകൃതമായ സുകര്‍മ്മ ഹെല്‍ത്ത് ഫൗണ്ടേഷന്‍ മാതൃകാപരമായ സ്വാന്തന ശുശ്രൂഷ കഴിഞ്ഞ ചില വര്‍ഷങ്ങളായി ചെയ്തു വന്നിരുന്നെങ്കിലും സ്ഥിരമായ ഓഫീസോ മറ്റു സൗകര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ക്രിസ്മസ് ആശംസകള്‍ നേരുവാന്‍ അച്ചനെ സന്ദര്‍ശിച്ച പാലിയോറ്റീവ് കെയര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇനി മുതല്‍  ഈ സേവനം ഭംഗിയായി നിര്‍വ്വഹിക്കത്തക്കവിധത്തില്‍ ഒരു പാലിയേറ്റീവ് കെയര്‍ ഓഫീസ് സമുച്ചയ നിര്‍മ്മാണത്തിനായി തന്‍റെ വസ്തുവില്‍ 10 സെന്‍റ് സൗജന്യമായി നല്‍കാമെന്ന് സമ്മതിച്ചു.

റാന്നി- പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജിന്‍റേയും ബഥനി കോണ്‍വെന്‍റിന്‍റേയും മദ്ധ്യ ഭാഗത്തായി റോഡരികില്‍ ഉള്ള ലക്ഷങ്ങള്‍ വിലയുള്ള 10 സെന്‍റ് ഭൂമിയാണ് ഈ മഹത് സേവനത്തിനായി അദ്ദേഹം സ്വമനസ്സാലെ നല്‍കിയത്. ഇന്നലെ (21-12-2016) വൈകിട്ട് 6 മണിയ്ക്ക് റാന്നി- പെരുനാട് വലിയ പാലം ജംഗ്ഷനില്‍ നടന്ന സമ്മേളനത്തില്‍ വച്ച് ബഹുമാനപ്പെട്ട അച്ചന്‍ വസ്തു സൗജന്യമായി നല്‍കുന്നതു സംബന്ധിച്ച സമ്മത പത്രം കേരളാ ആരോഗ്യ/സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ഷൈലജയക്ക് കൈമാറി .  റാന്നി എം.എല്‍.എ അഡ്വ.രാജു എബ്രഹാം ആശംസകള്‍ നേര്‍ന്നു.  പാലിയേറ്റീവ് കെയര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ശ്രീ .പി.എസ്.മോഹനന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീ.കെ. സോമപ്രസാദ് എം.പി (രാജ്യസഭ) ഈ പാലിയേറ്റീവ് കെയര്‍ ഓഫീസിന്‍റെ ആവശ്യത്തിലേക്ക് ഒരു ആംബുലന്‍സും നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.  പത്തനംതിട്ട ജില്ലയിലെ റാന്നി- പെരുനാട് സ്വദേശിയായ പുളിക്കല്‍ ആലുംമൂട്ടില്‍ ഫാദര്‍.പി.എ ഫിലിപ്പ് ഇപ്പോള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ മുഖ്യ കാര്യദര്‍ശിയും, കോട്ടയം മാങ്ങാനം എബനോസ്സര്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ വികാരിയുമാണ്.

Rev Fr Philip

LEAVE A REPLY

Please enter your comment!
Please enter your name here