പ്രതിസന്ധിമൂലം വരുമാനം കുറഞ്ഞെങ്കിലും ഇത്തവണ ശമ്പളം കൊടുക്കാൻ പണമുണ്ടെന്നു ധനമന്ത്രി തോമസ് ഐസക്. തോമസ് ഐസക് ഫേസ്ബുക്കിൽ ഇങ്ങനെ കുറിക്കുന്നു. നവംബർ മാസം ശമ്പളം കൊടുക്കേണ്ട സമയത്ത് ഞാന്‍ നടത്തിയ ഒരു പരാമർശം ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റി. ഈ മാസം ട്രഷറിയില്‍ പണമുണ്ട്. പക്ഷേ നോട്ടില്ല. അടുത്ത മാസം നോട്ടുണ്ടായേക്കാം. പക്ഷേ പണമുണ്ടാവില്ല. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വരുമാനം കുറഞ്ഞിട്ടും ശമ്പളം കൊടുക്കാന്‍ പണമുണ്ട് എന്നതാണവസ്ഥ. നോട്ടുണ്ടാവുമോ എന്ന് ഇപ്പോഴും ഉറപ്പു പറയാനാവില്ല. പ്രധാനമന്ത്രി ഉറപ്പു പറഞ്ഞ 50 ദിവസം ആവാറായിട്ടും നോട്ടിന്റെ ക്ഷാമം തീർന്നിട്ടില്ല.
ഒക്ടോബർ 8 മുതല്‍ നവംബർ 7 വരെയുള്ള 21 ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ സർക്കാർ ചെലവും നവംബർ 8 മുതലുള്ള 21 പ്രവൃത്തിദിനങ്ങളുടെ ചെലവും താരതമ്യപ്പെടുത്തുമ്പോള്‍ 1119 കോടി രൂപ കുറഞ്ഞതായിട്ടാണ് കാണുന്നത്. ഇന്നത്തേത് സാധാരണഗതിയിലുള്ള മാന്ദ്യമല്ല. കറന്‍സിയില്ലാത്തതിന്റെ ഫലമായുള്ള മാന്ദ്യമാണ്. ഇത് പൊതു സമ്പദ്ഘടനയിലെന്നപോലെതന്നെ സർക്കാർ ട്രഷറിയില്‍ നിന്നുള്ള ചെലവിനേയും പ്രതികൂലമായി ബാധിച്ചു. ഏതെല്ലാം ഇനങ്ങളിലാണ് ഇങ്ങനെ ചെലവു കുറഞ്ഞത് എന്നു സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 500-600 കോടി രൂപ ശമ്പള-പെന്‍ഷന്‍ ഇനങ്ങളില്‍ ഇനിയും പിന്‍വലിക്കാന്‍ ഉണ്ടെന്നതാണ്. മാന്ദ്യത്തിന്റെ അന്തരീക്ഷത്തില്‍ പണച്ചെലവ് ചുരുക്കുന്നതിനുള്ള പ്രവണത സർക്കാർ ഉദ്യോഗസ്ഥരെപ്പോലും ബാധിച്ചിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍. പുറത്ത് നാട്ടില്‍ നോട്ടില്ലാത്തത് വികസനപ്രവർത്തനങ്ങളേയും പിടിച്ചു പുറകോട്ടു വലിച്ചിട്ടുണ്ട്.
ഇത് അതീവഗൌരവമായ സ്ഥിതിവിശേഷമാണ്. സാമ്പത്തികമാന്ദ്യത്തിന് പ്രതിവിധിയായിട്ട് പറയാം സർക്കാർ ചെലവുകളുയർത്തുമെന്ന്. പക്ഷേ ഇന്നത്തെ മാന്ദ്യത്തിന് ഈ മരുന്ന് വേണ്ടത്ര ഫലിക്കില്ല. നോട്ടുകള്‍ ആവശ്യത്തിനില്ലാത്തത് സർക്കാർ ചെലവുകളെയും പ്രതികൂലമായി ബാധിക്കും. മോഡി രാജ്യത്തെ കൊണ്ടെന്നെത്തിച്ചൊരു ഊരാക്കുടുക്കു നോക്കിക്കേ. ഈ കുരുക്ക് നിശ്ചയദാർഡ്യത്തോടെ മുറിച്ച് കടന്നേ പറ്റൂ.
ഇന്നത്തെ സാഹചര്യത്തില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധപാക്കേജ് ധ്രുതഗതിയില്‍ നടപ്പാക്കാനും വിപുലപ്പെടുത്താനും കഴിയണം. വായ്പ എടുക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ധന ഉത്തരവാദിത്വ നിയമ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബഡ്ജറ്റിനു പുറത്ത് വായ്പയെടുത്ത് ചിലവ് വർദ്ധിപ്പിക്കുകയേ നിർവാഹമുള്ളൂ. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച രൂപം നല്കിക്കഴിഞ്ഞ കിഫ്ബിയുടെ പ്രാധാന്യം പല മടങ്ങ് വർദ്ധിച്ചിരിക്കയാണ്. കേരളം വഴുതിവീണുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന് കിഫ്ബി വഴി വിപുലമായ തോതില്‍ വായ്പയെടുത്ത് പശ്ചാത്തലസൌകര്യമേഖലയില്‍ നിക്ഷേപിക്കേണ്ടതുണ്ട്.

കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഏതാണ്ട് 4000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്കി കഴിഞ്ഞു. അടുത്ത 4000 കോടി രൂപയ്ക്ക് ജനുവരി മാസത്തില്‍ അനുവാദം നല്കും. 2017-18 കാലത്ത് ഇത്തരത്തില്‍ തുടക്കം കുറിക്കുന്ന നിർമ്മാണപ്രവൃത്തികള്‍ 20,000 കോടി രൂപയായെങ്കിലും ഉയർത്താന്‍ കഴിഞ്ഞാല്‍ മോഡി സൃഷ്ടിച്ച മാന്ദ്യത്തെ ചെറുത്തു നില്‍ക്കാന്‍ കേരളത്തിനു കഴിയും. പലരും കരുതുന്നതുപോലെ ഇന്നത്തെ കറന്‍സി പ്രതിസന്ധി കിഫ്ബിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയില്ല. കാരണം വായ്പ നല്കാനുള്ള ഫണ്ട് ഇപ്പോള്‍ സുലഭമായി ബാങ്കുകളുടെ പക്കലുണ്ട്. മാത്രമല്ല പലിശയും കുറയുകയാണ്. ഈ അനുകൂല സാഹചര്യം കിഫ്ബി വഴി ഉപയോഗപ്പെടുത്താന്‍ കേരളത്തിനു കഴിയണം.

LEAVE A REPLY

Please enter your comment!
Please enter your name here