മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച നാടകത്തിനൊപ്പം നഗ്നസ്ത്രീയുടെ തിരുവത്താഴചിത്രം അച്ചടിക്കുകയും കോപ്പി പിൻവലിക്കുകയും ചെയ്ത വിവാദത്തില്‍ നേട്ടം കൊയ്തതു ദീപിക ദിനപ്പത്രമെന്നു കണക്കുകള്‍. വര്‍ഷങ്ങളായി കത്തോലിക്കാ സഭയുടെ മുഖമെന്ന നിലയില്‍ ദീപികയെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ട മാനേജ്‌മെന്റിനു ലഭിച്ച മൃതസഞ്ജീവനിയാണു ഭാഷാപോഷിണി വിവാദം. വിവാദത്തെ തുടര്‍ന്നു മനോരമയുടെ സര്‍ക്കുലേഷനില്‍ കാല്‍ ലക്ഷത്തിലധികം കോപ്പിയുടെ കുറവു രേഖപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച് 30000 കോപ്പിയുടെ വര്‍ദ്ധനയുണ്ട്, ദീപിക ദിനപ്പത്രത്തിന്. ജനുവരി മാസത്തോടെ ദീപികയുടെ സര്‍ക്കുലേഷന്‍ ക്രമാതീതമായി വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയുണ്ട് ദീപിക മാനേജ്‌മെന്റിന്.

മാതൃഭൂമിയുടെ പ്രവാചകനിന്ദാവിഷയത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മനോരമ, ഭാഷാപോഷിണി വിഷയത്തില്‍ പ്രതിക്കൂട്ടിലാകുന്നതു താത്കാലികമായെങ്കിലും ദീപികയ്ക്ക് നേട്ടമുണ്ടാക്കുന്നുണ്ട്. ദീപികയ്ക്കു വേണ്ടി അരയും തലയും മുറുക്കി കത്തോലിക്കാ സഭ തന്നെ രംഗത്തുണ്ട്. ദീപിക ഫ്രണ്ട്‌സ് ക്ലബ് എന്ന പേരില്‍ സംഘടനകള്‍ എല്ലാ ഇടവക കേന്ദ്രീകരിച്ചും ദീപികയുടെ പ്രചാരണത്തിനു വേണ്ടി നാളുകള്‍ക്കു മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും വീണുകിട്ടിയ വിവാദത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായത്.ദീപികയുടെ പ്രചാരണത്തിനായി തയ്യാറാക്കി കത്തോലിക്കാ ദേവാലയങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററി തന്നെ ഉദാഹരണം .

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും കത്തോലിക്കാസഭയ്‌ക്കെതിരെ മാദ്ധ്യമങ്ങള്‍ നടത്തുന്ന ആക്രമണങ്ങളുമാണ് ദീപികയുടെ ഡോക്യുമെന്ററിയുടെ ഉള്ളടക്കം. മനോരമയില്‍ വന്ന വാര്‍ത്തകളെ കീറി മുറിച്ച്, എത്രമാത്രം സഭാവിരുദ്ധമാണു മനോരമ പത്രമെന്നു സ്ഥാപിക്കാനുളള ശ്രമവും ഡോക്യുമെന്ററിയില്‍ ഉണ്ട്. സഭയുടെ സ്വരം ദീപികയാണെന്നും ദീപികയോടൊപ്പം മുന്നേറണമെന്നുമുള്ള  ആഹ്വാനം ഡോക്യുമെന്ററി മുന്നോട്ടു വയ്ക്കുന്നു.

ഭാഷാപോഷിണി വിവാദം വീഡിയോയിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. വൈദികര്‍ ഉള്‍പ്പെടുന്ന പരിപാടിയുടെ കവറേജ് നല്‍കി, ഇതു നമ്മുടെ പത്രമാണെന്നു ക്രൈസ്തവരെക്കൊണ്ടു പറയിപ്പിക്കാന്‍ തോന്നിപ്പിക്കുന്ന വിധം ചെറിയ ചെറിയ ഇരകള്‍ ഇട്ടു മനോരമ വലിയ ചാകര കൊയ്‌തെടുക്കുകയാണെന്നും പരാമര്‍ശമുണ്ട്.

മനോരമയെന്ന കുഞ്ഞാടിന്റെ ശരീരത്തില്‍ നിന്ന് ഇടയ്ക്കു പുറത്തു വരുന്ന ചോരയൊലിപ്പിക്കുന്ന നഖവും ദംഷ്ട്രയും നമ്മുടെ ചോരയും നീരും നക്കിക്കുടിച്ചു തടിച്ചു വീര്‍ത്ത ചെന്നായുടെയാണെന്നു തിരിച്ചറിയുവാനും അതിനെ അഭിമാനത്തോടെയും ചങ്കൂറ്റത്തോടെയും തിരസ്‌കരിക്കാനുമുള്ള വിവേകം ക്രൈസ്തവര്‍ സ്വന്തമാക്കണമെന്നും വീഡിയോ പറയുന്നു. നമ്മുടെ ആവശ്യം ലോകത്തെ അറിയിക്കാന്‍ ദീപികയല്ലാതെ നമുക്കു വേറെ പത്രമില്ലെന്നും ഡോക്യുമെന്ററി പറഞ്ഞു വയ്ക്കുന്നു. ദീപികയെ പിടിച്ചുയര്‍ത്താന്‍ സഭാവിശ്വാസികള്‍ക്കുള്ള കടമ നാം മറയ്ക്കുകയാണെങ്കില്‍ കാലം നമുക്ക് മാപ്പു തരില്ലെന്നും ഡോക്യുമെന്ററി പറയുന്നു.

മലയോരമേഖലയിലാണു മനോരമയ്ക്ക് ഏറ്റവും കൂടുതല്‍ ക്ഷീണമുണ്ടായത്. പാലാ, കാഞ്ഞിരപ്പളളി, താമരശ്ശേരി, ഇടുക്കി, തലശ്ശേരി, കോട്ടയം രൂപതകളിലെ പല ദേവാലയങ്ങളിലും മനോരമ ബഹിഷ്‌കരിക്കാന്‍ പരസ്യമായ ആഹ്വാനമുണ്ടായി. എറണാകുളം, തൃശൂര്‍ തുടങ്ങിയ രൂപതകളിലെ വിവിധ പള്ളികളില്‍ മനോരമയിലും ദീപികയിലും വരുന്ന കത്തോലിക്കാ വാര്‍ത്തകളെ താരതമ്യം ചെയ്യുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് തീരുമാനം വിശ്വാസികള്‍ക്കു വിട്ടു.

ദീപികയ്ക്കു വേണ്ടി ഇടവകകളില്‍ പ്രചാരണം നടക്കുന്നുണ്ടെന്നു സമ്മതിക്കുന്ന സഭാ നേതൃത്വം മനോരമ വിവാദത്തിന്റെ പുറത്തല്ല ഇത്തരം നീക്കങ്ങളെന്ന വിശദീകരണമാണ് നല്‍കുന്നത്. സഭാ വിശ്വാസികളെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന പത്രമെന്ന നിലയില്‍ സഭയ്ക്കു ദീപികയോടുള്ള തുറന്ന സമീപനം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നായിരുന്നു വിശദീകരണം.

ഇതിനകം തന്നെ കോണ്‍വെന്റുകളിലും സെമിനാരികളിലും മനോരമ പ്രസിദ്ധീകരണങ്ങള്‍ പാടെ നിറുത്തി തുടങ്ങി. ഇതു സംബന്ധിച്ച ലഘുലേഖകളും പ്രചരിക്കുന്നുണ്ട്. സമീപകാലത്തു മനോരമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here