അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യൂതി മന്ത്രി എംഎം മണി പ്രതിസ്ഥാനത്ത് തുടരും. മണിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തിലത്തില്‍ ഉണ്ടായിരിക്കുന്ന കേസില്‍ മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുന്ന കേസില്‍ ഇതിനൊപ്പം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, സിഐടിയു നേതാവ് എ.കെ. ദാമോദരനെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.

തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസില്‍ മണിയുടെ ഹര്‍ജി തള്ളണമെന്നുള്ളതും എ കെ ദാമോദരനെയും കെ കെ ജയചന്ദ്രനെയും പ്രതി ചേര്‍ക്കണമെന്നുള്ളതുമായ പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ഇതോടെ എംഎം മണി മന്ത്രി സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്ന ആവശ്യം ശക്തിപ്പെട്ടു. കേസില്‍ രണ്ടാം പ്രതിയാണ് മണി. മണിയേയും കേസിലെ മറ്റൊരു പ്രതിയായ ഒ ജി മദനനെയും ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.

വിധിയുടെ പശ്ചാത്തലത്തില്‍ മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണിയെ പുറത്താക്കണമെന്ന് ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. മണക്കാട് നടത്തിയ കുപ്രസിദ്ധമായ പ്രസംഗമാണ് കേസിനാസ്പദമായത്.ഇതിനെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ കൊല ചെയ്ത കേസ് പുനരന്വേഷണം നടത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സി.പി.എം ഉടമ്പഞ്ചോല മുന്‍ ലോക്കല്‍ സെക്രട്ടറി പി.എന്‍ മോഹന്‍ദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം.എം മണി, കെ.കെ.ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.

അധികാരത്തിലേറി ആറാം മാസത്തില്‍ തന്നെ മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടി വന്ന പിണറായി മന്ത്രിസഭയില്‍ നവംബര്‍ അവസാനത്തോടെയാണ് മണി വൈദ്യൂതി മന്ത്രിയായി അധികാരത്തിലേറിയത്. ഉടുമ്പുഞ്ചോല മണ്ഡലത്തില്‍ നിന്നും ജയിച്ച് നിയമസഭയില്‍ എത്തിയ എംഎം മണിയെ നിയമനവിവാദവുമായി ബന്ധപ്പെട്ട് രാജിവെച്ച ഇ പി ജയരാജന്റെ ഒഴിവിലാണ് വൈദ്യൂതി വകുപ്പ് നല്‍കി മന്ത്രിയാക്കിയത്. എന്നാല്‍ അധികാരമേറ്റ് ഒരു മാസം തികഞ്ഞപ്പോഴാണ് തിരിച്ചടി.മേൽക്കോടതി വിധിക്ക് സ്റ്റേ നൽകിയില്ലെങ്കിൽ മണിക്ക് രാജി വയ്ക്കേണ്ടി വരും. ഏതായാലും പിണറായി സർക്കാരിന് തലവേദനയായി മാറിയിരിക്കുന്നു പുതിയ കോടതി ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here