പ്രതിസന്ധികളില്‍ പ്രവാസികള്‍ക്കു താങ്ങും തണലുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിനു സമാപനം.

സാമ്പത്തിക മാന്ദ്യത്തെയും സ്വദേശിവത്ക്കരണത്തെയും തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ പ്രവാസികള്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്ന സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ ത്രിദിന യുഎഇ സന്ദര്‍ശനം. അതുകൊണ്ടുതന്നെ യുഎഇയെപ്പോലെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും പ്രവാസികള്‍ വളരെ പ്രതീക്ഷയോടെയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ കണ്ടത്. സാധാരക്കാരായ പ്രവാസികള്‍ മുതല്‍ പ്രവാസി വ്യവസായികള്‍ക്കുവരെ കേരളത്തെയും ഭരണത്തെയും കുറിച്ച് ആത്മവിശ്വാസം പകരുന്നതായിരുന്നു സന്ദര്‍ശനം.
ദുബായില്‍ സ്മാര്‍ട്ട്സിറ്റി ഒരുക്കിയ പ്രഥമ ബിസിനസ് മീറ്റിലെ മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

കേരളത്തിന്റെ സര്‍വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഏതെങ്കിലും ഒരു പ്രത്യേക മേഖലയുടെ പുരോഗതിയല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹിക നീതിയിലധിഷ്ഠിതമായ സമഗ്ര വികസനമാണത്. കേരളത്തിലേക്ക് ചെറുതും വലുതുമായ ഏതു സംരംഭം തുടങ്ങാനും നിക്ഷേപകരെ അദ്ദേഹം ക്ഷണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അതിനുള്ള തടസ്സങ്ങള്‍ പരമാവധി മാറ്റും. നിക്ഷേപകര്‍ക്കു നേരിട്ടു ബന്ധപ്പെടാന്‍ മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും ഓഫിസുകളില്‍ പ്രത്യേക സംവിധാനമുണ്ടാകും.
നിക്ഷേപകര്‍ക്കുണ്ടായ മുന്‍ ദുരനുഭവങ്ങള്‍ മറക്കുന്നില്ലെന്നും അത് ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമമെന്നും പിണറായി പറഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ബിസിനസ് സമൂഹം കരഘോഷം മുഴക്കി. അടിസ്ഥാന സൌകര്യ വികസനം ഇനിയും വലിയ തോതില്‍ നടക്കണം. അതിന് കൂടുതല്‍ നിക്ഷേപം വരേണ്ടതുണ്ട്. അതുകൊണ്ടാണ് നിക്ഷേപത്തിന് സര്‍ക്കാര്‍തന്നെ സുരക്ഷ ഉറപ്പുനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൌകര്യ വികസനത്തിനായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് (കിഫ്ബി) അഞ്ചുവര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. പ്രവാസികള്‍ക്കു മികച്ച നിക്ഷേപാവസരമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ചിട്ടികളിലൂടെയും നിക്ഷേപം സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളത്തിന്റെ വളര്‍ച്ചക്ക് വേഗംകൂട്ടുമെന്ന് പ്രമുഖ വ്യവസായി എംഎ യൂസുഫലി പറഞ്ഞു. കേരളത്തില്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ തയാറാണ്. അതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ‘ഭരണാധികാരികള്‍ ചെയ്യേണ്ടത്. മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പുകള്‍ അത്തരത്തിലുള്ളതാണെന്ന് യൂസുഫലി പറഞ്ഞു.സാധാരണക്കാരായ പ്രവാസികള്‍ക്ക് വളരെ ആത്മവിശ്വാസം പകരുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം കേരള വികസനം സംബന്ധിച്ച കാഴ്ചപ്പാടുകളും ചോദ്യങ്ങളും ഉന്നയിക്കാന്‍ അവസരമുണ്ടായിരുന്നു. യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ഉദ്ഘാടനം ചെയ്തു. ബിസിനസ് മീറ്റില്‍ ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഹമ്മദ് ബിന്‍ ബയ്ത്, സ്മാര്‍ട് സിറ്റി ദുബായ് സിഇഒയും വൈസ് ചെയര്‍മാനുമായ ജാബിര്‍ ബിന്‍ ഹാഫിസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സ്മാര്‍ട് സിറ്റി എംഡി ബാജു ജോര്‍ജ്, വ്യവസായികളായ എംഎ യൂസഫലി, സണ്ണി വര്‍ക്കി, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് മോഡറേറ്ററായി.

വെള്ളിയാഴ്ച വൈകീട്ട് ദുബായില്‍ മുഖ്യമന്ത്രിക്ക് പൌരസ്വീകരണം നല്‍കി യുഎഇ എമിറേറ്റ്സിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരകണക്കിന് പ്രവാസി മലയാളികളാണ് സ്വീകരണത്തിനെത്തിയത്. ദുബായ് മീഡിയ സിറ്റിയിലെ ആംഫി തിയറ്റല്‍ നിറഞ്ഞു കവിഞ്ഞ ജനസഞ്ചയത്തില്‍ കക്ഷി ഭേദമന്യേ വിവിധ സംഘടനാ മലയാളി കൂട്ടായ്മ പ്രതിനിധികള്‍ പങ്കെടുത്തു. സ്വീകരണ ചടങ്ങില്‍ കലാ പരിപാടികളും അരങ്ങേറി. യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി, എംഎ യൂസഫലി, ബിആര്‍ ഷെട്ടിയടക്കം പ്രമുഖര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here