child-pilot.jpg.image.784.410

ചെന്നൈ∙ പൈലറ്റിന്റെ വേഷം, വ്യോമസേനയുടെ ബാഡ്ജ്, ഫ്ലൈറ്റ് ലഫ്റ്റനന്റിന്റെ നേതൃത്വത്തിൽ ബിഗ് സല്യൂട്ട്…. അടിമുടി വ്യോമസേനാ ചട്ടങ്ങളോടെ വിമാനത്തിൽ ക്യാപ്റ്റന്റെ സീറ്റിലിരുന്നപ്പോൾ കുഞ്ഞു മുകിലേഷിന്റെ കണ്ണു നിറഞ്ഞു. പൈലറ്റ് ആകണമെന്ന അവന്റെ ഏറ്റവും വലിയ ആഗ്രഹമാണല്ലോ സഫലമായത്.

തലസീമിയ എന്ന ഗുരുതര രോഗത്തിനു ചികിൽസയിൽ കഴിയുന്ന മുകിലേഷിന്റെ ആഗ്രഹമറിഞ്ഞ് അതു ഹൃദയപൂർവം നിറവേറ്റിക്കൊടുക്കുകയായിരുന്നു ഇന്ത്യൻ വ്യോമസേന. സുലൂർ കേന്ദ്രമായ വ്യോമസേനാ വിഭാഗത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഓണററി പൈലറ്റാണ് ഇനി ഈ പതിനൊന്നുവയസ്സുകാരൻ.

വിമാനത്തിലിരുന്ന് മുകിലേഷ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും ചെയ്തു.കോയമ്പത്തൂർ കേന്ദ്രമായ ‘മെയ്ക് എ വിഷ്’ എന്ന സന്നദ്ധസംഘടനയാണു കുട്ടിയുടെ ആഗ്രഹം വ്യോമസേനയെ അറിയിച്ചത്. തുടർന്നു വ്യോമസേനയുടെ ‘പൈലറ്റ് ഫോർ എ ഡേ’ പദ്ധതിയിലൂടെ ഓണററി പൈലറ്റ് പദവി നൽകാൻ തീരുമാനിക്കുകയായിരുന്നു. സുലൂരിൽ മുകിലേഷിനെ സ്ക്വാഡ്രൺ ഗ്രൂപ്പ് കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ എസ്.കെ. ഗുപ്തയാണു സ്വീകരിച്ചത്.

ഏറെ വേദനയനുഭവിക്കുന്നവർക്കു ചെറിയ സന്തോഷം നൽകാൻ കഴിയുന്നതു വലിയ കാര്യമാണെന്നും മുകിലേഷിന്റെ സന്തോഷത്തിൽ വ്യോമസേനയും പങ്കുചേരുന്നുവെന്നും വിങ് കമാൻഡർ കാരി ലോകേഷ് പറഞ്ഞു.

കോയമ്പത്തൂരിലെ ജികെഎൻഎം ആശുപത്രിയിൽ കീമോതെറപ്പി ചികിൽസയിലാണു മുകിലേഷ് ഇപ്പോൾ. ചുവന്ന രക്താണുക്കളുടെ ഘടനയിലുണ്ടാകുന്ന വൈകല്യം മൂലമാണു ജീവനുതന്നെ ഭീഷണിയാകുന്ന തലസീമിയ എന്ന അപൂർവരോഗം ഉണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here