marangattupilli-police.jpg.image.784.410

കോട്ടയം ∙ കസ്റ്റഡിയില്‍ യുവാവ് മരിച്ചത് പൊലീസ് മർദനത്തെ തുടർന്നാണെന്ന് ആരോപിച്ച് മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ഉപരോധം നാട്ടുകാർ അവസാനിപ്പിച്ചു. മരിച്ച സിബിയുടെ മൃതദേഹവുമായാണ് നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ ഉപരോധം നടത്തിയത്. കലക്ടറും ഐജി അജിത് കുമാറും നടത്തിയ ചർച്ചയെ തുടർന്നാണ് ഉപരോധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പൊലീസിന്റെ വീഴ്ച റിപ്പോർട്ട് ചെയ്യുമെന്ന് ഐജി ഉറപ്പ് നൽകി. സിബിയുടെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്ന് കലക്ടറും അറിയിച്ചു.

സിബിയുെട മരണത്തെ തുടർന്ന് നടത്തിയ ഹർത്താലിനിടെ മരങ്ങാട്ടുപിള്ളിയില്‍ ചെറിയ തോതിൽ സംഘര്‍ഷമുണ്ടായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി നടപടി സംബന്ധിച്ച ഉറപ്പ് നല്‍കാതെ ഉപരോധം അവസാനിപ്പിക്കല്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലയില്‍ സാരമായി പരുക്കേറ്റ് മരിച്ച സിബിയുടെ പോസ്റ്റുമോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായി. തുടർന്ന് മൃതദേഹം വിലാപയാത്രയായി മരങ്ങാട്ടുപിള്ളിയിലേക്ക് എത്തിക്കുകയാണ് ചെയ്തത്.

സിബിയുടെ സംസ്കാരം നാളെ ഉച്ചയോടെ നടക്കും. പൊലീസ് മര്‍ദനമാണ് സിബിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ കോട്ടയം ജില്ലയില്‍ ഇടതുമുന്നണി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.

 

marangattupilli-police-1.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here