rishiraj-singh.jpg.image.784.410

തൃശൂർ പൊലീസ് അക്കാദമിയിൽ വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിന് മന്ത്രി രമേശ് ചെന്നിത്തല എത്തിയപ്പോൾ കസേരയിൽ തന്നെ ഇരിക്കുന്ന ഋഷിരാജ് സിങ്. മറ്റ് ഉദ്യോഗസ്ഥർ എഴുന്നേറ്റ് സല്യൂട്ട് ചെയ്യുന്നതും കാണാം.

 

തിരുവനന്തപുരം∙ എഡിജിപി: ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഗൗനിക്കാതിരുന്നത് ബോധപൂർവമെങ്കിൽ തെറ്റെന്ന് ഡിജിപി: ടി.പി. സെൻകുമാർ. ഋഷിരാജ് സിങ്ങിന് അബദ്ധം പറ്റിയെങ്കിൽ തിരുത്തും. മന്ത്രി വരുന്നത് ഋഷിരാജിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരിക്കില്ല. അച്ചടക്കമുള്ള ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. മന്ത്രിയെ കാണുമ്പോൾ സല്യൂട്ട് അടിക്കേണ്ടത് കടമയാണ്. റാങ്ക് അനുസരിച്ചാണോ നാം പലരെയും സർ എന്നു വിളിക്കുന്നതെന്നും ഡിജിപി ചോദിച്ചു.

ഋഷിരാജ് സിങ് പ്രോട്ടോക്കോൾ ലംഘിച്ചോയെന്ന് ഡിജിപി പരിശോധിക്കട്ടേയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് പരാതിയില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു.

രാമവർമപുരം പൊലീസ് അക്കാദമിയിൽ നടന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനു മന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോൾ എഡിജിപി ഋഷിരാജ് സിങ് എഴുന്നേൽക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്യാത്തതാണ് വിവാദമായത്. വേദിയുടെ മുൻനിരയിലെ സോഫയിൽ നേരത്തെ തന്നെ ഋഷിരാജ്സിങ് ഇരിപ്പുണ്ടായിരുന്നു. മന്ത്രി എത്തുന്നുവെന്ന് അറിയിപ്പ് മൈക്കിൽ കേട്ടതോടെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എഴുന്നേറ്റു നിന്നു. മന്ത്രി എത്തിയിട്ടും ഋഷിരാജ് സിങ് അനങ്ങിയില്ല.

വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫിസറായിരുന്ന ഋഷിരാജ് സിങ്ങിനെ അടുത്തയിടെയാണു തൽസ്ഥാനത്തുനിന്നു മാറ്റി ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചത്. ഇതാണു മന്ത്രിയെ ഗൗനിക്കാതെ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോലും തയാറാകാതിരുന്നതിനു കാരണമെന്നായിരുന്നു അഭ്യൂഹങ്ങൾ.

എന്നാൽ ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ, വിഐപികൾ വരുമ്പോൾ വേദിയിലുള്ളവർ എഴുന്നേൽക്കണമെന്നു പ്രോട്ടോക്കോളിൽ ഒരിടത്തും പറയുന്നില്ലെന്നും വിവാദം അനാവശ്യമാണെന്നുമായിരുന്നു ഋഷിരാജ് സിങ്ങിന്റെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here