1436808042_ITALYMARINES_1334342f
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ അന്താരാഷ്ട്ര മധ്യസ്ഥതക്ക് തയാറാണെന്ന് ഇന്ത്യ. രാജ്യാന്തര ആര്‍ബിട്രേഷന്‍ നടപടികളിലൂടെ കേസ് അവസാനിപ്പിക്കാന്‍ ഇറ്റലി ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. യു.എന്നിന്‍െറ കണ്‍വന്‍ഷന്‍ ഓണ്‍ ലോ ഓഫ് ദ് സീ (അണ്‍ക്ലോസ്‌) പ്രകാരമാണ് ഇറ്റലി നീക്കം നടത്തിയത്. അതേസമയം, അന്താരാഷ്ട്ര വേദിയില്‍ ഇറ്റലിക്ക് എതിരായി നിലപാട് സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
കടല്‍ക്കൊല കേസ് ഒത്തുതീര്‍ക്കാന്‍ മൂന്നു വര്‍ഷമായി ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കാത്തതും കോടതിയില്‍ കേസ് വിചാരണയിലേക്കു കടക്കാതിരിക്കുന്നതും കണക്കിലെടുത്താണ് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം ഈ തീരുമാനം സ്വീകരിച്ചിട്ടുള്ളത്.
അതേസമയം, മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി ഇറ്റലിക്ക് പോയ ലെസ്തോറെ മാര്‍സിമിലാനോക്ക് മടങ്ങിവരാന്‍ ആറുമാസം കൂടി സുപ്രീംകോടതി സാവകാശം അനുവദിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഇറ്റലിയിലേക്ക് പോയ ലെസ്തോറെ ഈ മാസം 15നാണ് മടങ്ങിവരേണ്ടിയിരുന്നത്. കേസ് ആഗസ്റ്റ് 26ന് കോടതി വീണ്ടും പരിഗണിക്കും.
രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ 2012ലാണ് ഇറ്റാലിയന്‍ നാവികരായ ലെസ്തോറെ മാര്‍സിമിലാനോയും സാല്‍വതോറെ ഗിറോണിയും അറസ്റ്റിലാകുന്നത്. കൊല്ലം കോടതിയില്‍ നിന്നും കേസ് മാറ്റിയ സുപ്രീംകോടതി പിന്നീട് വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കാന്‍ ഉത്തരവിട്ടു. കൂടാതെ കേസ് അന്വേഷണം എന്‍.ഐ.എക്കു കൈമാറുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here