എടത്വാ: ചരിത്രത്തിൽ ആദ്യമായി  കേരള  മന്ത്രി സഭയിൽ  കുട്ടനാടിനെ പ്രതിനിധികരിച്ച ആദ്യ മന്ത്രി  തോമസ് ചാണ്ടി എടത്വാ പള്ളി സന്ദർശിച്ചു. വികാരി ഫാ.ജോൺ മണക്കുന്നേലും തിരുനാൾ കമ്മിറ്റി ഭാരവാഹികളും ചേർന്ന്  സ്വീകരിച്ചു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിനെയും അമ്പലപുഴ തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന പളളിയിലേക്ക് ഉള്ള റോഡുകളുടെ അറ്റകുറ്റപണിക്ക് 70 ലക്ഷം അനുവദിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കൂടാതെ അപകടാവസ്ഥയിലായ പള്ളി പാലം ടൂറിസം മേഖലയിൽ ഉൾപെടുത്തി പുതുക്കി പണിയുമെന്നും പ്രഖ്യാപിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ സംവിധാനത്തെ അഭിനന്ദിക്കുകയും ചെയ്തു.

സെന്റ് ജോർജ് ഫൊറോനാ പള്ളി തിരുനാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഗ്രീൻ പ്രോട്ടോക്കോൾ സംവിധാനം നിരീക്ഷിക്കാൻ ജില്ലാശുചിത്വ മിഷൻ ഉദ്യോഗസ്ഥരും പള്ളിയിലെത്തി.ഡപ്യൂട്ടി ഡവലപ്മെൻറ് കമ്മീഷണർ ബിജോയ് വർഗ്ഗീസിന്റെ നേതൃത്വത്തിലാണ് വിലയിരുത്തൽ നടത്തിയത്. പ്ലാസ്റ്റിക്ക് കയറിന് പകരം തിരുനാൾ പതാക ഉയർത്തുവാൻ പട്ടുനൂൽ ഉപയോഗിച്ചതും തീർത്ഥാടകരുടെ ദാഹമകറ്റാൻ  പ്ളാസ്റ്റിക്ക് കന്നാസുകളിലെ  ദാഹജലത്തിന്  പകരം പ്രകൃതി സൗഹാർദ് പദ്ധതി പ്രകാരം മൺ കുജകൾ സ്ഥാപിച്ചത് ഉൾപെടെ  തീർത്ഥാടകർക്ക് ഒരുക്കിയിരിക്കുന്ന  വിപുലമായ സൗകര്യങ്ങളെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. ഉച്ചകഞ്ഞി വിതരണത്തിന് സ്റ്റീൽ പ്ലേറ്റുകളും തോരണങ്ങൾക്ക് പകരം ദീപാലങ്കാരവും ഒരുക്കിയത്  പ്രത്യേകം എടുത്തു പറയേണ്ട മാറ്റങ്ങളിൽ പ്രധാനപെട്ടതാണ്.

ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പള്ളിക്കടവ് വൃത്തിയാക്കി. പള്ളിക്കടവിലെയും പരിസര പ്രദേശങ്ങളിലെയും എക്കലും മാലിന്യങ്ങളും ജെ.സി.ബിയുടെ സഹായത്തോടെ നീക്കി ആഴം കൂട്ടി. പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ച് ആണ് തോട് വൃത്തിയാക്കിയത് . പ്രസിഡന്റ് ടെസി ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ സഖറിയ ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജയിൻ മാത്യൂ, റോസമ്മ ആന്റണി ,ടി.ടി.തോമസ് കുട്ടി, അംഗങ്ങളായ ബെറ്റി ജോസഫ് ,ബൈജു ജോസ് ,ശ്യാമള രാജൻ എന്നിവർ നേതൃത്വം നൽകി.

ശുചികരണ തൊഴിലാളികൾക്ക് പ്രത്യേക പരിശീലന ക്ലാസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിൻ ക്ലാസുകൾ നയിച്ചു.

വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി ക്യാരി ബാഗുകൾ നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്.പ്ലാസ്റ്റിക്ക ക്യാരി ബാഗുകൾക്ക് പകരം ഇതിനോടകം തുണി സഞ്ചികൾ തയ്യറാക്കി കഴിഞ്ഞു .

വിവിധ  വകുപ്പുകളെ ഏകോപിച്ച്   ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി രൂപികരിച്ചത് ചരിത്രത്തിൽ ആദ്യമായിട്ടാണ്. തിരുനാൾ ഭാരവാഹികൾ ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ,വിവിധ സർക്കാർ വകുപ്പ് അധിക്യതർ , സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരടങ്ങിയതാണ് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി.

തിരുനാൾ കാലയളവുകളിൽ പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുകയും മികവ് പുലർത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക പുരസ്കാരങ്ങളും  ഏർപ്പെടുത്തിയിട്ടുള്ളതായി വികാരി വെരി.റവ.ഫാദർ ജോൺ മണക്കുന്നേൽ , ഇടവക ട്രസ്റ്റി വർഗ്ഗീസ് എം.ജെ. മണക്കളം , ജനറൽ കൺവീനർ ബിൽബി മാത്യം, ജോ. കൺവീനർ ജയൻ ജോസഫ്, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള  എന്നിവർ അറിയിച്ചു.

IMG_20170430_152823 IMG_20170430_175121

LEAVE A REPLY

Please enter your comment!
Please enter your name here