police.jpg.image.784.410

തൊടുപുഴ ∙ പരിശീലന കാലയളവിൽ മിടുക്കു തെളിയിച്ച് ഒന്നാം റാങ്ക് വാങ്ങിയാൽ എസ്ഐമാർക്ക് ഇനി സ്വന്തം നാട്ടിൽ താരമാകാം. പിന്നിലായാൽ നിയമനം കിട്ടുക ഓണംകേറാമൂലയിൽ.

കേരള പൊലീസിൽ എസ്ഐമാരെ ഇനിമുതൽ ഈ രീതിയിൽ സ്റ്റേഷനുകളിൽ നിയമിച്ചാൽ മതിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. പുതിയ രീതിപ്രകാരം ഇന്നലെ 242 പേരെയാണ് നാലു റേഞ്ചുകളിലേക്ക് എസ്ഐമാരായി നിയമിച്ചത്. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, തൃശൂർ റേഞ്ചുകളിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് എസ്ഐമാരുടെ നിയമനം. പരിശീലന കാലയളവിൽ മികവുകാട്ടി ഒന്നാമതെത്തിയവരിൽ ഭൂരിഭാഗംപേരും തിരുവനന്തപുരത്തുകാരാണ്. ഇവർക്കെല്ലാം ഇനി സ്വന്തം നാട്ടിൽ ജോലി ചെയ്യാം. കൊച്ചിയിലാണു കൂടുതൽ എസ്ഐമാരെ നിയമിച്ചിരിക്കുന്നത് – 60.

പരിശീലന കാലയളവിലെ മികവു കണക്കിലെടുത്തു മാത്രം എസ്ഐമാരെ വിവിധ സ്ഥലങ്ങളിൽ നിയമിച്ചാൽ മതിയെന്നും സ്വാധീനമോ മറ്റു മാനദണ്ഡങ്ങളോ പരിഗണിക്കാൻ പാടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപി ടി. പി. സെൻകുമാറിനു നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് നിയമനത്തിനു പുതിയ രീതി അവലംബിച്ചത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എസ്ഐമാരുടെ കുറവു പരിഹരിക്കാനാണ് ഇത്രയധികം എസ്ഐമാരെ ഒറ്റയടിക്കു നിയമിച്ചത്. എസ്ഐമാരുടെ നിയമനം സംബന്ധിച്ച ഉത്തരവ് എഡിജിപി (അഡ്മിനിസ്ട്രേഷൻ) അരുൺകുമാർ സിൻഹ, റേഞ്ച് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here