paramesaran-nair-kalam.jpg.image.784.410

 

തിരുവനന്തപുരം ∙ തിരുവനന്തപുരത്തെ ഗുരുവായൂരപ്പൻ ഹോട്ടലും ഡോ. എ.പി.ജെ. അബ്ദുൽ കലാമും തമ്മിൽ ഒരാത്മബന്ധമുണ്ട്. 21 വർഷക്കാലം അബ്ദുൽ കലാം സ്ഥിരമായി ആഹാരം കഴിക്കാൻ എത്തിയിരുന്നത് ഈ ഹോട്ടലിലാണ്. ഹോട്ടൽ ഉടമയായ എസ്.പരമേശ്വരൻ നായരുടെ ഓർമകളിൽ എന്നും നീല ഷർട്ടും നീല പാന്റും ധരിച്ചെത്തുന്ന കലാമിന്റെ ചിത്രമാണുള്ളത്.

സെക്രട്ടേറിയറ്റിന് സമീപത്തായുള്ള ഗുരുവായൂരപ്പൻ ഹോട്ടൽ തുടങ്ങിയിട്ട് 38 വർഷമായി. 1975 മുതൽ 21 വർഷം ഇവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു കലാം. ആദ്യമൊക്കെ പരമേശ്വരൻ നായർക്ക് കലാമിനെ മനസ്സിലായിരുന്നില്ല. പക്ഷേ അദ്ദേഹമൊരു മഹാനായ വ്യക്തിയാണെന്ന് തോന്നിയിരുന്നതായി പരമേശ്വരൻ നായർ ഓർക്കുന്നു. രണ്ടപ്പവും ഒരു ഗ്ലാസ് പാലുമായിരുന്നു കലാമിന്റെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് ചോറും രസവും. രാത്രിയിൽ ചപ്പാത്തിയും പാലും. ഇതായിരുന്നു കലാമിന്റെ ഭക്ഷണരീതി. ആഹാരം ഇരുന്നു കഴിക്കാറില്ല. നിന്നാണ് കഴിക്കാറുള്ളത്. കലാമിനായി മാത്രം പ്രത്യേക പാത്രം തന്നെ പരമേശ്വരൻ നായർ ഒരുക്കി വച്ചിരുന്നു.

കലാം രാഷ്ട്രപതി ആയപ്പോൾ പരമേശ്വരൻ നായർക്ക് അദ്ദേഹത്തെ കാണാൻ മോഹം തോന്നി. രാഷ്ട്രപതി ഭവനുമായി ബന്ധപ്പെട്ടു. ഒരു ദിവസം അപ്രതീക്ഷിതമായി പരമേശ്വരൻ നായർക്ക് ഒരു ഫോൺകോൾ വന്നു. കലക്ടറുടെ ഓഫിസിൽ നിന്നായിരുന്നു വിളി. എറണാകുളത്തെ താജ് ഹോട്ടലിൽ ഒരു പരിപാടിയിൽ ഡോ.എ.പി.ജെ. അബ്ദുൾ കലാം പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹത്തിന് പരമേശ്വരൻ നായരെ കാണണം എന്നും പറഞ്ഞു. രാജ്ഭവനിൽനിന്ന് എത്തിയ വാഹനത്തിൽ പരമേശ്വരൻ നായർ കൊച്ചിയിലേക്ക് പോയി. അവിടെയെത്തിയപ്പോൾ ‘ഇങ്കെയും ഗുരുവായൂരപ്പൻ വന്താച്ചാ’ എന്നായിരുന്നു കലാമിന്റെ ചോദ്യം. തന്റെ ഹോട്ടലിൽ എത്തിയിരുന്ന ആ പഴയ കലാം തന്നെയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് പരമേശ്വരൻ നായർക്ക് തോന്നി. പിന്നെയും പലതവണ അവർ തമ്മിൽക്കണ്ടു. അഞ്ചു മാസ‍ം മുൻപാണ് പരമേശ്വരൻ നായർ കലാമിനെ അവസാനമായി കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here