കൊച്ചി: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. ദിവസങ്ങളായി സമരം തുടരുകയാണെങ്കിലും പ്രശ്‌നപരിഹാര ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ശ്രമം തുടങ്ങിയില്ല. സമരം ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സംസ്ഥാന കൗണ്‍സില്‍ ഇന്ന് തൃശൂരില്‍ ചേരും. അതേസമയം പ്രതികാര നടപടിയുടെ ഭാഗമായി കാസര്‍കോട് പിരിച്ചുവിട്ട നഴ്‌സുമാരെ മാനേജ്‌മെന്റ് തിരിച്ചെടുത്തു.

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വ്യവസ്ഥ അംഗീകരിക്കില്ലെന്നും സുപ്രീംകോടതി നിര്‍ദേശപ്രകാരം കുറഞ്ഞകൂലി ഇരുപതിനായിരമായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. പകര്‍ച്ചപ്പനി പടരുന്നതിനിടയില്‍ സമരം ആരംഭിക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കുമ്പോഴും പ്രശ്‌നപരിഹാരത്തിനുള്ള നടപടികളൊന്നും സര്‍ക്കാര്‍ ആരംഭിച്ചില്ല. മുന്‍നിശ്ചയിച്ച പ്രകാരം ഇരുപതിനാണ് ഇനി വ്യവസായ ബന്ധസമിതി ചേരേണ്ടത്. അതിന് മുന്‍പ് ചര്‍ച്ച വിളിക്കാനുള്ള നീക്കം ആരോഗ്യവകുപ്പോ തൊഴില്‍ വകുപ്പോ നടത്തിയില്ല. ആ സാഹചര്യത്തില്‍ ഇന്ന് തൃശൂരില്‍ ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ സമരം ശക്തമാക്കാനുള്ള നടപടിക്ക് യു.എന്‍.എ തുടക്കം കുറിക്കും.

അടിസ്ഥാനശമ്പളം ഇരുപതിനായിരമായി അംഗീകരിക്കാത്ത മുഴുവന്‍ ആശുപത്രികളിലും പണിമുടക്കാനാണ് തീരുമാനം. ഐ.പി, ഒ·.പി വിഭാഗത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കും. അത്യാഹിതവിഭാഗത്തിലൊഴികെ ഒരിടത്തും രോഗികളെ പരിചരിക്കില്ല. പുതിയതായെത്തുന്ന രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യിപ്പിക്കും. കൂടാതെ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരസമരവും മറ്റ് ജില്ലാകേന്ദ്രങ്ങളില്‍ സത്യാഗ്രഹ സമരവും ആരംഭിക്കാനും തീരുമാനമുണ്ട്.

അതേസമയം ഏതാനും സ്വകാര്യ ആശുപത്രികള്‍ സ്വന്തം നിലയില്‍ ശമ്പളം വര്‍ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയാറാകുമെന്ന പ്രതീക്ഷയും നഴ്‌സുമാര്‍ മുന്നോട്ടുവയ്ക്കുന്നു. ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് തുടരുന്ന സമരം മൂന്നാം ദിവസത്തേക്ക് കടന്നു. അത്യാഹിതവിഭാഗത്തെ ഒഴിവാക്കിയതിനാല്‍ ആശുപത്രികളെ കാര്യമായി ബാധിച്ചിട്ടില്ല. അതേസമയം സമരം ചെയ്തതിലെ പ്രതികാരനടപടിയെന്ന നിലയില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ആറ് നഴ്‌സുമാരെ അരമന ആശുപത്രി മാനേജ്‌മെന്റ് തിരിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here