കണ്ണൂര്‍: നിരോധനാജ്ഞ പ്രഖ്യാപിച്ച് നഴ്‌സുമാരുടെ സമരത്തെ അടിച്ചമര്‍ത്താനൂള്ള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ നഴ്‌സിങ് കോളേജുകളിലെയും സ്‌കൂളുകളിലെയും അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് ഹാജരാകണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് തള്ളി ജില്ലയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

സിപിഎം നിയന്ത്രണത്തിലുളള പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ പഠിപ്പുമുടക്കി കലക്ടറുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. വിദ്യാത്ഥിനികളെ വാനില്‍ കയറ്റി ആശുപത്രികളിലേക്ക് മാറ്റാനുള്ള നീക്കം പരിയാരത്ത് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. മറ്റ് കോളേജുകളിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ നഴ്‌സുമാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. ഇതിനു വിരുദ്ധമായി നഴ്‌സിങ് സ്‌ക്കൂളുകള്‍ക്ക് അവധി നല്‍കി വിദ്യാര്‍ത്ഥികളെ രോഗികളുടെ ശുശ്രൂഷ്‌യ്ക്കായി വിനിയോഗിക്കണമെന്ന കലക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് വിദ്യാര്‍ത്ഥികളും സമരത്തിലുളള നഴ്‌സസ് അസോസിയേഷനും ചൂണ്ടിക്കാട്ടി.

രോഗികളെ പരിചരിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ പിണഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നും കലക്ടറുടെ ഉത്തരവ് പ്രകാരം ജോലി ചെയ്യാന്‍ തങ്ങള്‍ തയ്യാറല്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്. സമരം നടക്കുന്ന ആശുപത്രികളില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ഹാജരാകണമെന്ന കലക്ടറുടെ ഉത്തരവ് ഇന്നലെ ഒരിടത്തും പ്രാവര്‍ത്തികമായില്ല.

അതേസമയം ജില്ലയില്‍ നടത്തിവരുന്ന സമരം നഴ്‌സുമാര്‍ ശക്തമാക്കി. നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. ബിജപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ് സമരത്തിന് പിന്തുണയുമായി ഇന്നലെ കണ്ണൂര്‍ കൊയിലി ആശുപത്രിക്ക് മുന്നിലെ സമരപ്പന്തലിലെത്തി. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കണ്ണൂര്‍ താണയിലെ സ്‌പെഷ്യാലിറ്റി ആശുപത്രി ഉപരോധിച്ചു. സിപിഐയുടെ പോഷക സംഘടനയായ എഐവൈഎഫും പിന്തുണയുമായി രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here