adoor-prakash-1.jpg.image.784.410

തിരുവനന്തപുരം∙ സംസ്ഥാനത്തു 2005 വരെ കൈവശത്തിലിരുന്ന ഭൂമിക്കു പട്ടയം നൽകാനായി ഭൂമി പതിച്ചുനൽകുന്നതിനുള്ള ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി സർക്കാർ പിൻവലിച്ചു. വിവാദങ്ങളുയർന്ന പശ്ചാത്തലത്തിലാണ് ഭേദഗതി പിൻവലിക്കുന്നതെന്ന് റവന്യൂമന്ത്രി അടൂർ പ്രകാശ് അറിയിച്ചു. നിയമവിധേയമായി കർഷകർക്കു കൈവശ ഭൂമി നൽകണമെന്ന ഉദ്ദേശ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്. ഇടുക്കിയിലെ കർഷകരെ സഹായിക്കുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. വേറെ ദുരുദ്ദേശമൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ വൻകിട കയ്യേറ്റക്കാരെ സഹായിച്ചിട്ടില്ല. അങ്ങനെയൊരു പരാതി തന്നെക്കുറിച്ച് ഉണ്ടായിട്ടില്ല. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കയ്യേറ്റക്കാർക്കെതിരെ നടപടിയെടുത്തത്. ഉത്തരവ് ഇറക്കിയതു രഹസ്യമായല്ല. ഉത്തരവ് ഇപ്പോൾ വിവാദമാക്കിയതിൽ ആരെയും കുറ്റപ്പെടുത്താനില്ല. ഉത്തരവിറക്കിയതിൽ പാളിച്ചയുണ്ടോ എന്നു പരിശോധിക്കും. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കു മറുപടി നൽകാത്തത് തന്റെ മാന്യത കൊണ്ടാണ്. ഇടുക്കിയിലെ പട്ടയവിതരണം കൂടുതൽ ചർച്ചകൾക്കുശേഷം മാത്രമേ ഉണ്ടാകൂവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും അംഗീകാരത്തോടെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വിശ്വാസ് മേത്തയാണ് ഭൂമി പതിച്ചുകൊടുക്കൽ ചട്ടങ്ങൾ (1964) ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയത്. കർഷകരിൽ നിന്ന് ഒട്ടേറെ നിവേദനങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ ഉത്തരവിനെതിരെ കോൺഗ്രസിലെത്തന്നെ ഒരു വിഭാഗവും പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് സർക്കാർ ഭേദഗതി പിൻവലിച്ചത്.

കഴിഞ്ഞ 10 വർഷമായി ഭൂമി സ്വന്തമാക്കി വച്ചിരിക്കുന്നവർക്കു പട്ടയം നൽകാനായിരുന്നു ഭേദഗതിയിൽ പറയുന്നത്. 2015 ജൂൺ ഒന്നിനു 10 വർഷം പൂർത്തിയാക്കിയവർക്ക് ഇതിന് അർഹതയുണ്ടായിരുന്നു. അതായത്, 2005 ജൂൺ ഒന്നു വരെ കയ്യേറിയവർക്കു പട്ടയം ലഭിക്കും. മലയോര മേഖലയിലെ റവന്യു ഭൂമി, പുറമ്പോക്ക്, പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി എന്നിവ കയ്യേറിയവർക്കും കൈവശം വച്ചു കൊണ്ടിരിക്കുന്നവർക്കും പുതിയ ഭേദഗതിയോടെ പട്ടയം നൽകാനാകുമായിരുന്നു. പതിച്ചുനൽകുന്ന ഭൂമി 25 വർഷത്തേക്കു വിൽക്കരുതെന്ന വ്യവസ്ഥയിൽ ഇളവു വരുത്തിയതു സർക്കാർ ഭൂമി വൻതോതിൽ സ്വകാര്യ ഉടമസ്ഥതയിലേക്കു മാറുന്നതിന് ഇടയാക്കുമെന്ന് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here