മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന് ഗതിവേഗം പകര്‍ന്ന് നായകരുടെ പടയോട്ടം തുടങ്ങി. ഇരുമുന്നണികളുടെയും മണ്ഡലം കണ്‍വെന്‍ഷന്‍ കഴിഞ്ഞു. വോട്ടുറപ്പിക്കുന്നതിനുള്ള ചിട്ടയായ പ്രവര്‍ത്തനത്തിനുള്ള സമയമാണ് ഇനിയുള്ളത്. പ്രധാനമായും കുടുംബയോഗങ്ങളിലാണ് മുന്നണികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ടുകാണും. പൊതുയോഗങ്ങളും പഞ്ചായത്ത് തലകണ്‍വെന്‍ഷനുകളും ഇന്നുതുടങ്ങും.

അവസാനഘട്ടത്തില്‍ റോഡ് ഷോ നടത്തി അണികളില്‍ ആവേശംപകരും. മണ്ഡലത്തില്‍ രണ്ടാം തവണ ജനവിധി തേടുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി ബഷീറിന് വോട്ടര്‍മാരെ നേരിട്ടറിയാം. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദറും എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം ജനചന്ദ്രനും മണ്ഡലത്തില്‍ പുതുമുഖക്കാരാണ്. മുമ്പ് സി പി ഐക്കാരനായിരുന്ന ഖാദര്‍ 1982ല്‍ ഇപ്പോഴത്തെ വേങ്ങര മണ്ഡലം ഉള്‍പ്പെടുന്ന തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗിനെതിരേ മത്സരിച്ച് തോറ്റിട്ടുണ്ട്.

വള്ളിക്കുന്നില്‍നിന്നും കൊണ്ടോട്ടിയില്‍ നിന്നും ലീഗ് ഒഴിവാക്കിയ കാദര്‍ ഗ്രൂപ്പ് കളിച്ച് സ്ഥാനാര്‍ത്ഥിത്വം തരപ്പെടുത്തിയെന്ന ആരോപണം യു ഡി എഫിനെ അലട്ടുന്നുണ്ട്. ഒപ്പം താഴേത്തട്ടിലെ അനൈക്യവും. ബലഹീനരായ ബി ജെ പിയ്ക്കും എസ് ഡി പി ഐയ്ക്കും പ്രചാരണച്ചൂടും ആയിട്ടില്ല. അതേസമയം പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. 25നാണ് സൂക്ഷ്മ പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here