ന്യൂഡല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കീഴടങ്ങുന്നതിനായുള്ള ചര്‍ച്ചകള്‍ ബിജെപിയുമായി ആലോചിക്കുകയാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ.ഫെയ്സ്ബുക്ക് പോസ്റ്റിലാണ് രാജ് താക്കറെ കേന്ദ്ര സര്‍ക്കാരുമായി ദാവൂദ് ചര്‍ച്ച നടത്തുകയാണ് എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയത്
വികലാംഗനായ ദാവൂദിന് ഇന്ത്യയിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം. ഇക്കാരണത്തിലാണ് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പിന് ദാവൂദ് ശ്രമിക്കുന്നതെന്നും രാജ് താക്കറെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ദാവൂദ് തിരികെ മടങ്ങുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് നേട്ടമായി ഉയര്‍ത്തിക്കാണിക്കുമെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.
മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങി എത്തുകയാണെങ്കില്‍ ബിജെപി ഇത് രാഷ്ട്രീയത്തില്‍ മുതലെടുക്കുമെന്നും രാജ് താക്കറെ പറഞ്ഞു. ദാവൂദ് തിരികെ എത്തുകയാണെങ്കില്‍ അത് ആരുടെയും നേട്ടമായി കാണേണ്ടതില്ല. ഇന്ത്യയിലേക്ക് മടങ്ങിവരാനും സ്വന്തം മണ്ണില്‍ മരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നതാണ് മടങ്ങി വരവ് സാധ്യമായാല്‍ അതിന് കാരണമെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് പറഞ്ഞു.
പുതുതായി ഫെയ്സ്ബുക്ക് അക്കൌണ്ട് ആരംഭിച്ച് കന്നിപോസ്റ്റിട്ട രാജ് താക്കറെ കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു.