കൊച്ചി: ഖത്തറില്‍നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ യുഎസില്‍ നിന്നുള്ള മലയാളി ദമ്പതിമാരുടെ ബാഗുകളില്‍നിന്ന് സാധനങ്ങള്‍ മോഷണം പോയത് കൊച്ചി നെടുമ്പാശേരിയില്‍നിന്ന് നിന്നല്ലെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. പരാതിക്കാരുടേയും പൊലീസിന്റേയും സാന്നിധ്യത്തില്‍ സിയാല്‍ സെക്യൂരിറ്റി വിഭാഗമാണ് പരിശോധന നടത്തിയത്. അമേരിക്കയില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന മുണ്ടക്കയം സ്വദേശി ചാക്കോ കുര്യന്‍, ഭാര്യ ഏലിക്കുട്ടി എന്നിവരുടെ ബാഗേജുകളില്‍ നിന്നാണ് വസ്തുക്കള്‍ മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവര്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

നാലു ബാഗേജുകളാണ് ഇവര്‍ക്കുണ്ടായിരുന്നത്. മൊബൈല്‍ ഫോണുകളും ക്യാമറകളും ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപ വിലവരുന്ന വസ്തുക്കള്‍ മോഷണം പോയതായി ഇവര്‍ ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍, ടെര്‍മിനല്‍ മാനേജര്‍, നെടുമ്പാശേരി പൊലീസ് എന്നിവര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ബാഗുകള്‍ എടുത്ത് വീട്ടില്‍ എത്തി തുറന്നു നോക്കിയപ്പോഴാണ് വസ്ത്രങ്ങളൊഴികെ വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് എട്ടു മണിയോടെ വിമാനത്താവളത്തിലെത്തി പരാതിപ്പെടുകയായിരുന്നു.

ഒരു ബാഗിനുള്ളില്‍ മറ്റൊരു ചെറിയ ബാഗില്‍ സൂക്ഷിച്ചിരുന്ന വിലകൂടിയ 13 പെര്‍ഫ്യൂം ബോട്ടിലുകള്‍, അഞ്ച് വാച്ചുകള്‍, ലൈറ്റുകള്‍, വസ്ത്രങ്ങള്‍, ഡയബറ്റിക് ടെസ്റ്റിങ് കിറ്റ്, ലേഡീസ് ബാഗുകള്‍ തുടങ്ങിയവയും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. ഓര്‍ലാന്‍ഡോ, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ദോഹ എന്നിവടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ മാറിക്കയറിയാണ് ദമ്പതിമാര്‍ കൊച്ചിയിലെത്തിയത്.

രാജ്യാന്തര ടെര്‍മിനലായ ടി 3യില്‍ വിമാനത്തില്‍നിന്നു ബാഗ് പുറത്തിറക്കുന്നതുമുതല്‍ കണ്‍വേയര്‍ ബെല്‍റ്റില്‍ എത്തുന്നതുവരെയുള്ള ബാഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനം മുഴുവന്‍ അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ സിയാല്‍ സ്ഥാപിച്ചിട്ടുണ്ട്. ബാഗുകള്‍ നീങ്ങുന്ന ഭാഗത്ത് മാത്രം അമ്പതിലധികം ക്യാമറകളുണ്ട്. അറൈവല്‍, കണ്‍വെയര്‍ ബെല്‍റ്റ് മേഖലകളിലുള്ള നൂറിലധികം ക്യാമറകളുള്‍പ്പെടെ മൊത്തം 3600 ക്യാമറകളാണ് സിയാല്‍ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ളത്.
സെന്റിമീറ്റര്‍ വലുപ്പത്തിലുള്ള സാധനങ്ങള്‍ വരെ വലുതാക്കി കാണിക്കാന്‍ തക്കവിധം ശേഷിയുള്ളതാണ് ഈ ക്യാമറകള്‍. ഇവയിലെ പരിശോധനയില്‍ നാല് ബാഗുകളുടെ ഇഞ്ചോടിഞ്ച് നീക്കത്തിന്റെ ദൃശ്യങ്ങളില്‍നിന്ന് വിമാനത്താവളത്തിലെ വിവിധ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന ഒരാള്‍ പോലും ബാഗുകള്‍ തുറക്കാനോ അനധികൃതമായ ഏതെങ്കിലും കൃത്യം നടത്താനോ ശ്രമം നടത്തിയിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here