കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയുടെ ഭൂമി വില്പന വിവാദത്തില്‍ വൈദികരും വിശ്വാസികളും ചേരിതിരിഞ്ഞ് വിമര്‍ശിക്കുന്നത് രൂക്ഷമായി. സഭ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത പ്രതിസന്ധിയാണെന്ന് സഭാധികൃതര്‍ തന്നെ സമ്മതിക്കുമ്പോള്‍ ഇരു വിഭാഗവും പോസ്റ്റര്‍ പ്രചരണവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയും ആരോപണം ഉന്നയിച്ചും മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയും സഭയ്‌ക്കെതിരെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. പ്രതിസന്ധി എങ്ങനെ മറികടക്കണമെന്നറിയാതെ കുഴങ്ങുകയാണ് എറണാകുളംഅങ്കമാലി സിറിയന്‍ കത്തോലിക്ക അതിരൂപതാ നേതൃത്വം.

ഒരു വിഭാഗം വൈദികര്‍ മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. സഭ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടും റോമിലേക്ക് അയക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ റോമില്‍ നിന്ന് അന്വേഷണവും നടപടിയുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികളില്‍ ചിലരെങ്കിലും. എന്തായിരുന്നാലും ഭൂമി വില്പന വിവാദം എറണാകുളംഅങ്കമാലി സിറിയന്‍ കത്തോലിക്ക അതിരൂപതയെ പൊതു സമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടാന്‍ കാരണമായെന്ന വിലയിരുത്തലിലാണ് വിശ്വാസികള്‍. ഭൂമി ഇടപാടില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും അതല്ല, പ്രശ്‌നം വിവാദമാക്കി സഭയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നുമാണ് ഇരു വിഭാഗങ്ങളുടെയും വാദം.

സഭാനടപടികളെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകളും കുറിപ്പുകളുമാണ് പ്രത്യക്ഷപ്പെടുന്നത്. മാര്‍ ആലഞ്ചേരിക്കെതിരെ രംഗത്തുവന്നവര്‍ ധാര്‍മ്മികതയുടെ പേരിലാണ് തങ്ങളിതു ചെയ്തതെന്ന് പറയുന്നതിനെ വിമര്‍ശിച്ച് ഷെറിന്‍ വില്‍സണ്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ വന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് സഭാധികൃതരുടെ കഴിഞ്ഞകാല ചെയ്തികളിലേക്കാണ് വെളിച്ചം വീശുന്നത്. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നവരുടെ ധാര്‍മ്മികത അന്ന് എവിടെപ്പോയി എന്നും വീട്ടമ്മയുമായി വൈദികന്‍ നാടുവിട്ടപ്പോള്‍ പ്രതികരിക്കാതിരുന്നവരുടെ ധാര്‍മികത എവിടെപ്പോയി എന്നും മനുഷ്യക്കടത്തു കേസില്‍ കെസിബിസി യുവജന കമ്മീഷന്‍ സെക്രട്ടറി ആയിരുന്ന വൈദികന്‍ അകത്തായപ്പോഴും പ്രതികരിക്കാതിരുന്നവരുടെ ധാര്‍മ്മികത എവിടെപ്പോയി എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഇടവക പള്ളി പുതുക്കി പണിയാന്‍ ഏല്പിച്ച കോണ്‍ട്രാക്ടര്‍ ഇടവകക്കാര്‍ പിരിച്ചു നല്‍കിയ പണം കൈക്കലാക്കിയപ്പോള്‍ വൈദികര്‍ കൂട്ടുനിന്നതിനെതിരെയും തിരുനാള്‍ ആഘോഷത്തില്‍ ബാക്കി വന്ന തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയ വൈദികനെ സംരക്ഷിച്ചതിനെതിരെയും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. നോട്ട് നിരോധനം വന്നപ്പോള്‍ പ്രേഷിതപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വൈദികന്‍ കണക്കു കാണിക്കാനും നിരോധിക്കപ്പെട്ട നോട്ടുകള്‍ വല്ലവിധേനയും മാറ്റിയെടുക്കാന്‍ നെട്ടോട്ടമോടിയതും ഫെയ്‌സ്ബുക്ക് വിമര്‍ശനത്തിന് വിഷയമായിട്ടുണ്ട്.

ഭൂമി വില്പന വിവാദത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി കുറ്റക്കാരനാണെന്ന് സഭാ വക്താവ് തന്നെ ഔദ്യോഗികമായി സമ്മതിച്ചുകഴിഞ്ഞു. ക്രമപ്രകാരമല്ലാത്തതും നിയമവിരുദ്ധവുമായ വില്പന നടപടികളെല്ലാം സമ്മതിച്ച് സഹായമെത്രാന്‍ വൈദികര്‍ക്ക് സര്‍ക്കുലറും അയച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മാര്‍പാപ്പയില്‍ നിന്ന് ആലഞ്ചേരിക്കെതിരായ നീക്കമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ആലഞ്ചേരി വിരുദ്ധര്‍. നടപടിയുണ്ടാകാത്ത പക്ഷം ഭൂമി വില്പനയിലെ നിയമവിരുദ്ധ ഇടപെടലുകള്‍ക്കെതിരെ കോടതിയെ സമീപിക്കാനും ഒരു വിഭാഗം ഒരുങ്ങുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here