ന്യൂഡൽഹി∙ മുന്‍ ദേശീയ വോളിബോള്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന ടി.പി.പി. നായര്‍ക്ക് ധ്യാന്‍ചന്ദ് പുരസ്കാരം. വോളിബോള്‍ രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് ഇദേഹത്തിന് പുരസ്കാരം നൽകുന്നത്. ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനായ ആദ്യ മലയാളിയാണ് കണ്ണൂർ ചെറുകുന്ന് സ്വദേശിയായ തെക്കുമ്പാടൻ പുത്തൻ വീട്ടിൽ പദ്മനാഭൻ നായർ എന്ന ടി.പി.പി. നായർ. രണ്ട് ഏഷ്യൻ ഗെയിംസ് മെഡലുകൾ സ്വന്തമാക്കിയ ഏക ഇന്ത്യൻ വോളിബോൾ താരം കൂടിയാണ് ഇദേഹം. മൂന്നു ദേശീയ കിരീടങ്ങളും ഇദേഹത്തിന്റെ പേരിലുണ്ട്.

ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യയ്ക്ക് വെള്ളിമെ‍ഡൽ സമ്മാനിച്ച ഏക ക്യാപ്റ്റൻ കൂടിയാണ് ടി.പി.പി. നായർ. 1962ലെ ജക്കാർത്താ ഏഷ്യൻ ഗെയിംസിലായിരുന്നു ടി.പി.പി. നായരുടെ കീഴിൽ ഇന്ത്യ വെള്ളിമെ‍ഡൽ സ്വന്തമാക്കിയത്. ടീമിന്റെ പരിശീലകനും അദേഹം തന്നെയായിരുന്നു. 1958ലെ ടോക്കിയോ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡൽ സ്വന്തമാക്കിയ ടീമിലും ഇദേഹം അംഗമായിരുന്നു. സർവീസസിന്റെയും റയിൽവേസിന്റെയും ജഴ്സി അണിഞ്ഞിട്ടുണ്ട്. 1954ൽ റഷ്യൻ ടീമിനെതിരെ ഹൈദരാബാദിനു വേണ്ടി കളിച്ചുകൊണ്ടായിരുന്നു രാജ്യാന്തര അരങ്ങേറ്റം.

1966 മുതൽ 1987 വരെ റയിൽവേ ടീം പരിശീലകൻ, 1966ൽ മഹാരാഷ്ട്ര പുരുഷ-വനിത ടീം പരിശീലകൻ, 1992 വരെ മാനേജർ, 1982ൽ ഡൽഹി ഏഷ്യാഡിൽ ലെയ്സൺ ഓഫിസർ, 1990ൽ തൃപ്രയാറിൽ ഫെഡറേഷൻ കപ്പ് നേടിയ റയിൽവേസ് വനിത ടീം പരിശീലകൻ എന്നിങ്ങനെ കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ടിലധികം വോളിബോൾ രംഗത്തെ നിറസാന്നിധ്യമായിരുന്നു ടി.പി.പി. നായർ.

LEAVE A REPLY

Please enter your comment!
Please enter your name here