തിരുവനന്തപുരം∙ വികസനവഴിയിൽ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണ പദ്ധതിയുടെ കരാറിൽ സർക്കാരും അദാനി ഗ്രൂപ്പും ഒപ്പിട്ടു. വൈകിട്ട് അഞ്ചിനു സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ കേരള സർക്കാരിനായി തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വർഗീസും അദാനി ഗ്രൂപ്പിനായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒ സന്തോഷ് കുമാർ മഹാപത്രയുമാണു കരാറിൽ ഒപ്പു ചാർത്തിയത്. തുറമുഖ നിർമാണം നവംബർ ഒന്നിന് ആരംഭിക്കും.

Gautam Adani

ഗൗതം അദാനി. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

അതേസമയം, വിഴിഞ്ഞത്തെ ലോകത്തെ പ്രമുഖ കണ്ടെയ്നര്‍ ടെര്‍മിനലാക്കുമെന്ന് കരാര്‍ ഒപ്പിട്ടശേഷം ഗൗതം അദാനി പറഞ്ഞു. കേരളത്തിൽ ഉടൻ മറ്റു നിക്ഷേപ പദ്ധതികളില്ലെന്നു അദാനി വ്യക്തമാക്കി. ഇനി പൂർണ ശ്രദ്ധ വിഴിഞ്ഞം പദ്ധതിയിലേക്കു മാത്രം. വിഴിഞ്ഞത്തിന്റെ വാണിജ്യപ്രാധാന്യം ഏറെ വലുതാണ്. ഏഴുവർഷങ്ങൾക്കു മുൻപ് മറ്റൊരു പദ്ധതിയുമായി കേരളത്തിലെത്തിയിരുന്നു. താപവൈദ്യുത പദ്ധതിയിൽ അന്നത്തെ സർക്കാർ തുടർനടപടിയെടുത്തില്ല. അതിന്റെ കാരണങ്ങൾ അറിയില്ലെന്നും അദാനി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തുറമുഖ വകുപ്പു മന്ത്രി കെ.ബാബു, ധനമന്ത്രി കെ.എം. മാണി, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ, ഭക്ഷ്യവകുപ്പുമന്ത്രി അനൂപ് ജേക്കബ്, സ്പീക്കർ ജി. ശക്‌തൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം, പദ്ധതി നടത്തിപ്പിലുള്ള വിയോജിപ്പിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം ചടങ്ങ് ബഹിഷ്കരിച്ചു. പദ്ധതിയിൽ ഒപ്പു വയ്ക്കുന്നതിന് മുന്നോടിയായി അദാനി ഗ്രൂപ്പ് ചെയർമാൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി ചർച്ച നടത്തിയിരുന്നു. പദ്ധതി നടത്തിപ്പിലുള്ള ആശങ്ക അദേഹം അദാനിയെ അറിയിക്കുകയും ചെയ്തു.

പദ്ധതിയുടെ പൂർത്തീകരണത്തിന് പണം തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നു വ്യക്തമാക്കിയിരുന്നു. എത്ര തുക വേണമെങ്കിലും ചിലവഴിക്കാൻ തയാറാണെന്നും ആശങ്ക പരിഹരിക്കാൻ ബുധനാഴ്ച വീണ്ടും ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കരാർ ഒപ്പിടുന്നതിന് മുന്നോടിയായി ഗൗതം അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം അറിയിച്ചത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണം പറഞ്ഞ സമയത്തിനു മുൻപേ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും ഇന്ന് വ്യക്തമാക്കിയിരുന്നു. നവംബർ ഒന്നിനുതന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗൗതം അദാനി ഉറപ്പു നൽകിയിരുന്നു.

5552 കോടി രൂപ മുതൽമുടക്കുള്ള ഒന്നാംഘട്ട നിർമാണത്തിൽ 3600 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിനു പുറത്തുനിന്നാണ്. പ്രത്യക്ഷ പരോക്ഷ നികുതിയിനത്തിൽ ഗണ്യമായ വരുമാനം പ്രതീക്ഷിക്കുന്നു. നേരിട്ടുള്ള തൊഴിലവസരങ്ങൾ കൂടാതെ തുറമുഖ അനുബന്ധ വ്യവസായങ്ങളിലൂടെ പരോക്ഷമായും ഏറെ തൊഴിലവസരങ്ങളുണ്ടാകും. കണ്ടെയ്നർ ഹാൻഡ്‍ലിങ്, ലോജിസ്റ്റിക് എന്നീ അനുബന്ധ വ്യവസായങ്ങളും ഇതോടൊപ്പം വളരും.

കടൽ മാർഗമുള്ള ചരക്കു ഗതാഗതത്തിന് ആക്കം കൂട്ടാനും വിഴിഞ്ഞം തുറമുഖത്തിനു കഴിയും. തെക്കൻ കേരളത്തിനും തമിഴ്നാടിന്റെ തെക്കൻ ജില്ലകൾക്കും ആവശ്യമായ പെട്രോളിയം ഉൽപന്നങ്ങൾ വിഴിഞ്ഞം തുറമുഖം മുഖേന കൈകാര്യം ചെയ്യാനുള്ള പദ്ധതി പൊതുമേഖലാ എണ്ണക്കമ്പനികൾ വിഭാവനം ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here