onam-celeberation.jpg.image.784.410

തിരുവനന്തപുരം ∙ അടൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ അതിരുവിട്ട ഓണാഘോഷത്തിനു ഫയർഫോഴ്‌സ് വാഹനം അനുവദിച്ചതുമായി ബന്ധപ്പെട്ട് അഗ്നിശമന സേനയിലെ ആറ് ഉദ്യോഗസ്ഥരടക്കം ഏഴു പേരെ ഫയർഫോഴ്സ് മേധാവി ഡോ. ജേക്കബ് തോമസ് സസ്‌പെന്റ് ചെയ്തു.

അഗ്നിശമനസേനയിലെ അടൂർ സ്റ്റേഷൻ ഓഫിസർ ടി. ഗോപകുമാർ, ലീഡിങ് ഫയർമാൻമാരായ ബി. യേശുദാസൻ, പി.ടി ദിലീപ്, ഡ്രൈവർമാരായ എസ്. സോമരാജൻ, എൻ. രാജേഷ്, കെ.ശ്യാംകുമാർ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെടുത്തിയിരുന്ന ഹോംഗാർഡിനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കോട്ടയം അസിസ്റ്റന്റ് ഡിവിഷണൽ ഓഫിസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.

സ്വകാര്യ ആഘോഷങ്ങൾക്കും റാലികൾക്കും ഫയർ എൻജിൻ വിട്ടുകൊടുക്കാൻ ചട്ടമില്ല. ഇത് അടൂരിലെ അഗ്‌നിശമനസേന ലംഘിച്ചതായി കണ്ടെത്തി. മാത്രമല്ല വിദ്യാർഥികൾക്ക് മഴനൃത്തം ചെയ്യാൻ ഉദ്യോഗസ്ഥർ കൂടെ നിന്ന് വെള്ളം പമ്പ് ചെയ്തുകൊടുത്തു. ജനത്തെ രക്ഷിക്കേണ്ട വാഹനം തന്നെ ജനത്തിനു മുൻപിൽ നടുറോഡിൽ അപകടരമായി ഉപയോഗിച്ചു. ഉയർന്ന സമ്മർദ്ദത്തിൽ വെള്ളം ചീറ്റുന്ന പമ്പു വിദ്യാർഥികൾ ബലാൽക്കാരമായി പിടിച്ചെടുത്തെങ്കിൽ പൊലീസിനെ അറിയിക്കണമായിരുന്നു. അവരെ ഇതിന്റെ മുകളിൽ കയറാൻ അനുവദിച്ചതും തെറ്റാണ്. ഇതിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇതെല്ലാം നടന്നതെന്നു വ്യക്തമാണെന്നു റിപ്പോർട്ടിൽ പറയുന്നു.

വിദ്യാർഥികൾ ആവശ്യപ്പെട്ട പ്രകാരം ഘോഷയാത്രയുടെ സംരക്ഷണത്തിന് ഫയർ എൻജിൻ കൊടുത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനായി ഏഴായിരം രൂപ വിദ്യാർഥികൾ 14ന് അടച്ചിട്ടുണ്ട്. ഫയർ എൻജിനും ലോറിയും ട്രക്കും ട്രാക്ടറും നിരത്തി പൊതുറോഡിൽ ഓണം ആഘോഷിച്ചതായി പൊലീസും സ്ഥിരീകരിച്ചു.

അതേസമയം, ഫയർ എൻജിനുകൾ സ്വകാര്യ ആവശ്യത്തിന് വിട്ടുനൽകുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ്് വരുത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയർഫോഴ്‌സ് മേധാവിക്കു നിർദ്ദേശം നൽകി. ഓണാഘോഷത്തിനു വിവിധ കോളജുകളിൽ വിദ്യാർഥികൾ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് നിർദേശം. വാടകയക്കു നൽകുമ്പോഴും വാഹനങ്ങളുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണ്. ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here