pinarayi-vijayan.jpg.image.784.410

തിരുവനന്തപുരം∙ തദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യത്തോടും ഭരണഘടനയോടും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. നവംബർ ഒന്നിന് പുതിയ ഭരണ സമിതികൾ നിലവിൽ വരുന്ന വിധം നിയമാനുസൃതവും കോടതി വിധി അനുസരിച്ചുള്ളതുമായ തയാറെടുപ്പുകൾക്ക്‌ തിരഞ്ഞെടുപ്പു കമീഷനെ സഹായിക്കേണ്ട സർക്കാരാണ് അട്ടിമറി നീക്കം നടത്തുന്നതെന്നും പിണറായി തന്റെ ഫെയ്സ്ബുക്ക് പേജിൽ പറയുന്നു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കമ്മീഷനുമായി നടത്തിയ ചർച്ച സംബന്ധിച്ച വാർത്തകൾ യുഡിഎഫ് ജനവിധിയെ ഭയപ്പെടുന്നു എന്നാണു സൂചിപ്പിക്കുന്നത്. സര്‍ക്കാർ നീക്കം ഭരണഘടനാ വിരുദ്ധമായതിനാല്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞാൽ മാത്രമേ ഇനി തിരഞ്ഞെടുപ്പ് നീട്ടാനാകൂ എന്നും കമ്മിഷണര്‍ വ്യക്തമാക്കിയതായാണ് വാർത്ത.

യോഗത്തിൽ മുസ്‍ലിം ലീഗ് മന്ത്രി തിരഞ്ഞെടുപ്പ് കമ്മിഷണറോട് ക്ഷുഭിതനായി എന്നത്, ലീഗിന്റെ അമിത താൽപര്യത്തിനും ഗൂഢ ലക്ഷ്യത്തിനുമുള്ള തെളിവാണ്. പുതുതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും കൂടി തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ലീഗിന്റെ ആവശ്യത്തെ മുഖ്യമന്ത്രിയും പിന്തുണച്ചത്‌ ലീഗ് സമ്മർദത്തിനു വഴങ്ങിയത് മൂലമാണ്.

ലീഗിന്റെ ദുർവാശിക്ക് മുന്നിൽ ജനാധിപത്യത്തെയും ഭരണഘടനാ ബാധ്യതയെയും അടിയറ വയ്ക്കുന്നത് ലജ്ജാകരമാണ്. ഭരണ മുന്നണിയുടെ ഈ കള്ളക്കളി അവസാനിപ്പിക്കണം. യഥാസമയം തിരഞ്ഞെടുപ്പ് നടത്താനും അതിനുള്ള എല്ലാ സൗകര്യവും ഒരുക്കാനും സർക്കാർ തയാറാകണമെന്നും ഫെയ്സ് കുറിപ്പിലൂടെ ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here