കൊച്ചി ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടി രൂപ വിലമതിക്കുന്ന വിദേശകറൻസികളും കടത്തിയതായി മൊഴി. ദേശീയ അന്വേഷണ ഏജൻസി യുഎഇ പൊലീസിന്റെ സഹായത്തോടെ ചോദ്യം ചെയ്ത ചിലരി‍ൽ നിന്നാണ് ഈ വിവരം ലഭിച്ചത്. സംഭവത്തിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി.

പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാൻ ജൂൺ പകുതിയോടെ പറന്ന വിമാനങ്ങളിൽ സ്വപ്നയുടെ ശുപാർശയിൽ കയറിപ്പറ്റി ദുബായിൽ ഇറങ്ങിയ 5 വിദേശികളെയും അവർ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താൻ ശ്രമം തുടങ്ങി. ഇവരുടെ ബാഗേജുകൾ പരിശോധിച്ചു കയറ്റിവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. ഈ യാത്രക്കാർക്കുള്ള വിമാനടിക്കറ്റുകളെടുത്തു നൽകിയതു തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ നിന്നാണെന്ന മൊഴികളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

വന്ദേഭാരത് വിമാനങ്ങളിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നു വിദേശികളെ ദുബായിലേക്കു കയറ്റിവിടാൻ സ്വപ്ന നേരിട്ട് ഇടപെട്ടതിന്റെ രേഖകളും തെളിവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. .

സ്വപ്ന വൻതോതിൽ വിദേശ കറൻസി ശേഖരിച്ചതായി അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചെങ്കിലും അവരുടെ ലോക്കറുകൾ പരിശോധിച്ചപ്പോൾ 8034 യുഎസ് ഡോളറും 711 ഒമാൻ റിയാലും മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. 3 അന്വേഷണ ഏജൻസികൾ 34 ദിവസം സ്വപ്നയെ ചോദ്യം ചെയ്തിട്ടും വിദേശ കറൻസികൾ ഒളിപ്പിച്ച സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here