വാഷിങ്‌ടൺ: കമല ഹാരിസിന്‌ വൈസ്‌ പ്രസിഡന്റായി മത്സരിക്കാൻ കഴിയില്ലെന്ന വംശീയ വാദത്തെ പിന്തുണച്ച്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. കമലയുടെ രക്ഷിതാക്കൾ കുടിയേറ്റക്കാരായതിനാൽ വൈറ്റ്‌ ഹൗസ്‌ പദവിയിലെത്താൻ അർഹതയില്ലെന്ന കിംവദന്തി കേട്ടെന്നായിരുന്നു ട്രംപ്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞത്‌. ഈ വാദത്തെ താൻ ഗൗരവമായി കാണുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ പരാമർശം. വ്യാജപ്രചാരണം വംശീയചുവയുള്ളതാണെന്ന്‌ ബൈഡന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ സംഘം പറഞ്ഞു. ഭരണഘടനാപരമായി കമലയ്ക്ക്‌ മത്സരിക്കാൻ സാധിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന്‌ വിദഗ്‌ധർ പ്രതികരിച്ചു.

1964 ഒക്‌ടോബർ 20ന്‌ കലിഫോർണിയയിലെ ഒക്‌ലാൻഡിൽ ഇന്ത്യക്കാരിയും അർബുദ ഗവേഷകയുമായ ശ്യാമള ഗോപാലന്റെയും സാമ്പത്തിക ശാസ്‌ത്രജ്ഞനും ജമൈക്കൻ പൗരനുമായ ഡോണാൾഡ്‌ ഹാരിസിന്റെയും മൂത്ത മകളാണ്‌ കമല. അമേരിക്കൻ മണ്ണിൽ ജനിച്ചതിനാൽ, അമേരിക്കൻ ഭരണഘടനയുടെ 14–-ാം അനുച്ഛേദ പ്രകാരം കമല അമേരിക്കൻ പൗരയാണ്‌. അതിനാൽ തന്നെ വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കമലയ്ക്ക്‌ മത്സരിക്കാൻ അർഹതയുണ്ടെന്ന്‌ ലൊയോള ലോ സ്‌കൂൾ അധ്യാപിക ജെസിക്ക ലെവിൻസൺ പറഞ്ഞു.

2019ൽ കമല ആദ്യമായി പ്രസിഡന്റ്‌ സ്ഥാനാർഥിയാകാൻ തീരുമാനിച്ച സമയത്താണ്‌ സമാനമായ വ്യാജവാർത്ത സാമൂഹ്യ മാധ്യമങ്ങളിലുടനീളം പ്രചരിച്ചത്‌. ന്യൂസ്‌‌വീക്ക്‌ മാസികയിൽ ജോൺ ഈസ്റ്റ്‌മാനെഴുതിയ ലേഖനമാണ്‌ വീണ്ടും വ്യാജവാർത്തയ്ക്ക്‌ പ്രചോദനമായത്‌. നേരത്തെ ബരാക്‌ ഒബാമ‌‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കുന്ന സമയത്തും ട്രംപ്‌ സമാനമായ രീതിയിൽ ആരോപണം ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here