ന്യൂഡൽഹി: ലാവ്‌ലിൻ കേസ് അന്തിമവാദത്തിനായി സുപ്രീംകോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. അടിയന്തര പ്രാധാന്യമുളള കേസാണ് ലാവ്‌ലിനെന്നും വേഗത്തിൽ പരിഗണിക്കണമെന്നും സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നായിരുന്നു വ്യാഴാഴ്ച കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കേരള ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരങ്കഅയ്യർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് കോടതി വ്യാഴാഴ്‌ച പരിഗണിക്കുക.

കേരളം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് എസ്.എൻ.സി ലാവ്‍ലിൻ കേസ് സുപ്രീംകോടതിയിൽ വീണ്ടും സജീവമാകുന്നത്.2017 ഒക്ടോബർ മാസത്തിൽ സുപ്രീംകോടതിയിലെത്തിയ കേസ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചിലായിരുന്നു കഴിഞ്ഞ മൂന്ന് വർഷക്കാലം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് കേസ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് വിനീത് സരൺ എന്നിവരുൾപ്പെട്ട പുതിയ ബെഞ്ചിലേക്ക് മാറ്റി. മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 31ന് ജസ്റ്റിസ് യു.യു ലളിത് ലാവ്‍ലിൻ കേസ് ജസ്റ്റിസ് എൻ.വി രമണയുടെ ബെഞ്ചിലേക്ക് തന്നെ തിരിച്ചയച്ചു. എന്നാൽ കേസ് ലളിതിന്റെ ബെഞ്ചിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.യു.യു ലളിതിന്റെ പുതിയ ബെഞ്ചിൽ ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

2017 ഓഗസ്റ്റ് മാസത്തിലാണ് പിണറായി വിജയൻ, കെ.മോഹൻ ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഒപ്പം കസ്തൂരിരങ്ക അയ്യർ, ആർ.ശിവദാസൻ, കെ.ജി രാജശേഖരൻ എന്നിവർ വിചാരണ നേരിടണമെന്നും വിധിച്ചു. വ്യക്തമായ തെളിവുണ്ടായിട്ടും അത് അംഗീകരിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നാണ് സി.ബി.ഐ വാദം.ഹൈക്കോടതി വിധി വിവേചനപരമെന്ന് കസ്തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും വാദിക്കുന്നു. കേസിൽ അന്തിമവാദം കേൾക്കുന്നത് നീട്ടിവയ്‌ക്കണമെന്ന് പ്രതികളിലൊരാളായ ആർ.ശിവദാസൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാറിൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ ക്രമക്കേട് നടന്നുവെന്നാണ് കേസ്. പിണറായി വിജയൻ വിചാരണ നേരിടേണ്ടതുണ്ടോ എന്നതിൽ അന്തിമ തീർപ്പാണ് സുപ്രീംകോടതിയിൽ നിന്ന് വരേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here