തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ സിപിഎമ്മില്‍ അതൃപ്തി. വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ വ്യക്തമാക്കി. റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എന്താണു സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ തുറന്നടിച്ചതിനു പിന്നാലെയാണ് വിജയരാഘവന്‍ പ്രതികരിച്ചത്. ധനമന്ത്രിക്കു പിന്നാലെ ആനത്തലവട്ടവും റെയ്ഡിനെതിരെ രംഗത്തെത്തിയതോടെ പാര്‍ട്ടിയിലെ അതൃപ്തി മറനീക്കി. മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം രൂക്ഷമായ ഭാഷയില്‍ പരസ്യവിമര്‍ശനമുന്നയിച്ച അസാധാരണ സാഹചര്യത്തിലാണ് സിപിഎം. ഇതോടെ വിഷയം ചര്‍ച്ച ചെയ്യാതെ മുന്നോട്ടുപോകാനാവില്ലെന്നു വ്യക്തമായി.

റെയ്ഡിനെ പറ്റിയോ ആനത്തലവട്ടത്തിന്റെ വിമര്‍ശനത്തെപറ്റിയോ പറയാന്‍ തയ്യാറാകാത്ത സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന ഒറ്റവാക്കില്‍ പ്രതികരണം ഒതുക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന് പകരം സെക്രട്ടറി സ്ഥാനത്ത് എ. വിജയരാഘവന്‍ എത്തിയതിനുശേഷം ദിവസങ്ങളുടെ ഇടവേളയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ വിഷയത്തിലാണ് പാര്‍ട്ടിയില്‍ പരസ്യവിമര്‍ശനം ഉയര്‍ന്നത്. വിവാദമായ പൊലീസ് നിയമഭേദഗതി പാര്‍ട്ടി ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ആഭ്യന്തരവകുപ്പ് വിവാദങ്ങളുടെ ഉദ്ഭവകേന്ദ്രമാകുന്നതില്‍ ഒരു വിഭാഗത്തിനുള്ള കടുത്ത അതൃപ്തിയാണ് പ്രകടമാകുന്നത്.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് സിപിഎമ്മില്‍ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം. റെയ്ഡ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കുവേണ്ടി നടന്നതാണെന്ന് സംശയിക്കണമെന്ന് ആനത്തലവട്ടം പറഞ്ഞു. കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകര്‍ക്കാനാണു ശ്രമം. ഇതിന്റെ പ്രത്യാഘാതമെന്തെന്ന് വിജിലന്‍സ് സാമാന്യബുദ്ധി ഉപയോഗിച്ച് ആലോചിച്ചില്ലെയെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു. ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും എന്താണു സംഭവിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആനത്തലവട്ടം പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here