രാജേഷ് തില്ലെങ്കരി 

കൊച്ചി : കേരളം മാസങ്ങളായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സ്വർണക്കടത്ത് കേസ് അന്വേഷണം വഴിമാറുന്നു. സംസ്ഥാനരാഷ്ട്രീയത്തിലെ ഒരു ഉന്നതന്റെ നേതൃത്വത്തിൽ  റിവേഴ്‌സ് ഹവാലയായി കോടികൾ വിദേശത്തക്ക് കടത്തിയെന്ന സ്വപ്‌നസുരേഷിന്റെ രഹസ്യമൊഴിയാണ് കേസന്വേഷണത്തെ വഴിമാറ്റിയിരിക്കുന്നത്.
സ്വർണക്കേസ് അന്വേഷിക്കുന്ന ഇ ഡിക്ക് മുന്നാലെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും, സന്ദീപ് നായരും നടത്തിയ രഹസ്യമൊഴിയിലാണ് ചില ഉന്നതരുടെ പേരും അടങ്ങിയിരിക്കുന്നത്.
സി പി എമ്മിലെ ഉന്നതനെകുറിച്ചുള്ള സൂചനകൾ ബി ജെ പി, കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പറഞ്ഞതോടെ സി പി എമ്മും ഇടത് സർക്കാരും കൂടുതൽ പ്രതിരോധത്തിലായിരിക്കയാണ്.

ഇ ഡിയുടെ അന്വഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കവെയാണ് ഉന്നതർക്ക് ഡോളർ ഹവാലയുമായി അടുത്ത ബന്ധമുണ്ടെന്നും, ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തുന്നത് വലിയ കോളിളക്കമുണ്ടാക്കുമെന്നും കോടതിയും നിരീക്ഷിച്ചത്.
ആ ഉന്നതൻ ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയും രംഗത്തെത്തി. പേരുകൾ വ്യക്തമാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും എന്നാൽ ദൈവത്തിന്റെ നാമമാണ് അദ്ദേഹത്തിനെന്നും വെളിപ്പെടുത്തിയതോടെയാണ് അഭ്യൂഹങ്ങൾക്ക് ശക്തിപ്രാപിച്ചത്.
തെരഞ്ഞെടുപ്പിൽ ഈ ആരോപണങ്ങൾ ഇടതുമുന്നണിക്ക് തിരിച്ചടിയാവുമെന്നുള്ള വിലയിരുത്തലും പ്രതിപക്ഷത്തിനുണ്ട്, എന്നാൽ മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഭ്യന്തര വകുപ്പുമന്ത്രികൂടിയായ മുഖ്യമന്ത്രി മൗനം തുടരുന്നത് അണികളിലും ആശങ്കയുളവാക്കിയിരിക്കയാണ്.
ആരാണ് ഉന്നതരെന്ന ചോദ്യമാണ് എല്ലാവരും ഉയർത്തുന്നത്.
ഉന്നതന്റെ പേര് വെളിപ്പെടുത്തരുതെന്ന നിർദ്ദേശത്തോടെയാണ് ഇ ഡി കോടതി മുന്നാകെ ആദ്യ അന്വേഷണറിപ്പോർട്ട് സർപ്പിച്ചിരിക്കുന്നത്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ ഇടത് സർക്കാരിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപണം ആവർത്തിച്ചു. ഇതോടൊപ്പം  ഇ ഡിയുടെയും കസ്റ്റംസിന്റെയും അന്വേഷണം കൂടുതൽ വ്യക്തത കൈവരിക്കുകയുമാണ്.
റിവേഴ്‌സ് ഹവാലയിൽ ഉന്നത ബന്ധം ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആരോപണം കൂടുതൽ പ്രതിരോധത്തിലേക്ക് സർക്കാരിനെയും എത്തിക്കുകയാണ്.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ അന്വേഷണ സംഘം പത്തിന് ചോദ്യം ചെയ്യും. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസും അനുബന്ധ കേസുകളും അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും കേസിൽ വ്യക്തത കൈവരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എൻഫോഴ്‌സ് മെന്റ് ഡയരക്ടറേറ്റ്, കസ്റ്റംസ് എന്നിവയ്ക്ക് പുറമെ എൻ ഐ എയും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ എൻ ഐ എ അന്വേഷണം ആദ്യഘട്ടം പൂർത്തിയായിട്ടുണ്ട്.
ഇ ഡിയാണ് അന്വേഷണവുമായി ഇപ്പോൾ മുന്നോട്ട് പോവുന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കരനെ അറസ്റ്റ് ചെയ്ത സന്ദർഭത്തിൽ തന്നെ സർക്കാർ പ്രതിരോധത്തിലായതാണ്. എന്നാൽ അന്വേഷണം നേരായ മാർഗത്തിലാണ് നടക്കുന്നത് എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. എന്നാൽ അന്വേഷണം വഴിമാറുകയും കൂടുതൽ കേസുകളും പ്രതികളും ഉണ്ടാവുമെന്ന ഘട്ടം വന്നതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് മാറ്റിയത്.

ഉന്നതൻ ആരാണെന്ന് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം എൽ ഡി എഫ് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here