പോലീസിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്ന പുതിയ വിവാദ നിയമത്തിനെതിരെ പാരീസില്‍ പ്രതിഷേധം ശക്തമാകുന്നു. പുതിയ നിയമ പ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയെടുക്കുന്നതോ വീഡിയോ റെക്കോഡ് ചെയ്യുന്നതോ കുറ്റകരമാണ്. ഇതിനെതിരെയാണ് പാരീസില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. നിയമം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

ഇത് രണ്ടാമത്തെയാഴ്ചയാണ് നഗരത്തില്‍ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുന്നത്. നിയമത്തിനെതിരെ നൂറുകണക്കിന് റാലികളാണ് രാജ്യത്തുടനീളം പ്ലാന്‍ ചെയ്തിരിക്കുന്നത്. പോലീസിന് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അവരുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നത്. നിയമം തെറ്റിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും അമ്പതിനായിരം ഡോളര്‍ വരെ പിഴയും ലഭിക്കും.

അതേസമയം പോലീസിന്റെ സ്വകാര്യത സംരക്ഷിക്കാനായി കൊണ്ടുവന്ന നിയമനിര്‍മ്മാണം മാധ്യമ സ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്നും പോലീസിന്റെ ക്രൂര കൃത്യങ്ങളെ മറച്ചുവെക്കുകയും ചെയ്യുന്നതാണെന്നും ജനങ്ങള്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഒരാഴ്ച മുന്‍പ് മൂന്ന് വെള്ളക്കാരായ പോലീസ് ഓഫീസേഴ്‌സ് കറുത്ത വര്‍ഗ്ഗക്കാരനായ മ്യൂസിക് പ്രൊഡ്യൂസറെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് പ്രതിഷേധത്തെ ആളിക്കത്തിച്ചു. പ്രതിഷേധക്കാര്‍ അക്രമാസക്തരാകുന്നത് സംബന്ധിച്ച് യുഎസ് എംബസിയും പ്രതികരിച്ചിട്ടുണ്ട്.

പ്രതിഷേധം അക്രമാസക്തമാവുകയോ പൊതുമുതല്‍ നശിപ്പിക്കപ്പെടുകയോ ചെയ്താല്‍ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി ജല പീരങ്കിയും മറ്റ് കെമിക്കല്‍സും ഉപയോഗിക്കുമെന്ന് അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്. വളരെ സമാധാനപരമായാണ് ശനിയാഴ്ച പ്രതിഷേധം ആരംഭിച്ചതെങ്കിലും കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച ആളുകളില്‍ ചിലര്‍ പോലീസിനെതിരെ ആക്രമണം നടത്തിയതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ജനാലകള്‍ തകര്‍ക്കുകയും ബാങ്കിലേക്ക് ഇരച്ചു കയറുകയും കാറുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

പ്രതിഷേധം അക്രമാസക്തമായതോടെ നിയമം തിരുത്തിയെഴുതുന്ന കാര്യം പരിഗണിക്കുമെന്നും പുതിയ നിയമത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും മാറ്റിയെഴുതാമെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടി അംഗങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മാധ്യമ സ്വാതന്ത്രം ഒരുതരത്തിലും ഹനിക്കില്ലെന്നും നിയമം സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിക്കുമെന്നും പാര്‍ലമെന്റ് അംഗം ക്രിസ്‌റ്റോഫ് കാസ്റ്റാനര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here