രാജേഷ് തില്ലങ്കേരി 

കൊച്ചി : ആദ്യം ചിഹ്നം, ഇപ്പോഴിതാ പേരും നഷ്ടമായി. കേരളാ കോൺഗ്രസിലെ പിളർപ്പ് പൂർണമാവുകയും ജോസും ജോസഫും രണ്ട് പാർട്ടിയായി മാറുകയും ചെയ്തതോടെയാണ് കേരളാ കോൺഗ്രസ് എം ആരുടേതെന്ന ചോദ്യമുയർന്നത്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പിൽ ലയിച്ചതോടെ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഇല്ലാതായി.

കേരളാ കോൺഗ്രസുകളുടെ ഐക്യത്തിനായി നടന്ന ലയനം. ഇടതുമുന്നണിയുടെ ഭാഗമായി നിന്നിരുന്ന പി ജെ ജോസഫ് മന്ത്രിസ്ഥാനം വിട്ടെറിഞ്ഞാണ് ഐക്യത്തിനായി കേരളാ കോൺഗ്രസ് എമ്മിൽ എത്തിയത്. വൈരം മറന്ന് കൂടെയെത്തിയ പി സി ജോർജ്ജ് പിന്നീട് മാണിയെ വെല്ലുവിളിച്ച് സ്വന്തം പാർട്ടിയുണ്ടാക്കി പിരിഞ്ഞുപോയി.
പി ജെ ജോസഫും, മോൻസും അപ്പോഴും അനുസരണയുളള കുഞ്ഞാടുകളായി തന്നെ മാണിക്കൊപ്പം ശക്തരായി നിലകൊണ്ടു.

എൽ ഡി എഫ് വിട്ട് യു ഡി എഫിൽ എത്തിയ പി ജെ ജോസഫ് വീണ്ടും മന്ത്രിയായി. കേരളാ കോൺഗ്രസ് വൈസ് ചെയർമാനായി പി ജെ ജോസഫ്. വർക്കിംഗ് ചെയർമാനായി ഇരിക്കവെയാണ് ജോസഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുയരുന്നത്. എന്നാൽ അതിലെ അപകടം മനസിലാക്കിയ കെ എം മാണിയും ജോസ് കെ മാണിയും കോട്ടയത്തി മറ്റൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കി. ഇതോടെ മാണിയോട് പി ജെ ജോസഫ് അകൽച്ച പ്രഖ്യാപിച്ചു. കെ എം മാണിയുടെ നിര്യാണത്തോടെ പി ജെ ജോസഫ് പരസ്യമായി ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞു. ഇതോടെ കേരളാ കോൺഗ്രസിൽ പിളർപ്പ് പ്രകടമായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടു നേതാക്കളും പരസ്പരം പോരാടി. ജോസ് ഇടതുമുന്നണിക്ക് അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെ യു ഡി എഫിനും ജോസ് അനഭിമതനായിമാറി.

പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണി കണ്ടെത്തിയ യു ഡി എഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിച്ചില്ല. യു ഡി എഫിലെ അനൈക്യം പാലാ സീറ്റിൽ ഇടത് സ്ഥാനാർത്ഥിയായ മാണി സി കാപ്പൻ വിജയിച്ചു. ഇതോടെ കേരളാ കോൺഗ്രസ് എം വൈകാരികമായി ജോസഫ് ഗ്രൂപ്പിനെതിരെ നിലപാട് സ്വീകരിച്ചു.
ഒടുവിൽ യു ഡി എഫിൽ നിന്നും ജോസ് കെ മാണി പുറത്താക്കപ്പെട്ടതോടെ കോട്ടയത്തിന്റെ രാഷ്ട്രീയം വീണ്ടും കുഴഞ്ഞുമറിഞ്ഞു. ഇടത് മുന്നണിയിലെത്തുമ്പോൾ കൂടെയുണ്ടാവുമെന്ന് കരുതിയ പലരും ജോസിനെ കൈവിട്ടു. രണ്ടില ചിഹ്നമില്ലാതെയാണ് ജോസ് ഇറങ്ങിയത്. കോടതി ചിഹ്നവും പാർട്ടിപേരും ജോസിന് നൽകാൻ ഉത്തരവു നൽകി. എന്നാൽ പാലയും കോട്ടയം ജില്ലാ പഞ്ചായത്തും ആർക്കെന്നുള്ള വിധി ജനങ്ങളുടേതാണ്.
ഒരു എം പിയും രണ്ട് എം എൽ എയുമുള്ള ജോസ് കെ മാണിക്ക് നിയമപ്രകാരം ചിഹ്നവും പേരും ലഭിച്ചു.
എം എൽ എ മാരായ പ്രൊഫ. ജയരാജും,  റോഷി അഗസ്റ്റിനും ജോസിനൊപ്പമാണ്.
ചിഹ്നവും പേരും നഷ്ടമായ പി ജെ ജോസഫ് എന്തു ചെയ്യും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ഒന്നുകിൽ പഴയ പാർട്ടിയെ പുനരുജ്ജീവിപ്പിക്കണം. അല്ലെങ്കിൽ പാർട്ടി പേര് ഇപ്പോൾ കയ്യിലുള്ള പി സി തോമസിന്റെ പാർട്ടിയിൽ ലയിക്കണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ് ജോസഫ്, തെരഞ്ഞെടുപ്പ് ഫലം വരട്ടെ, എന്നിട്ട് തീരുമാനം പ്രഖ്യാപിക്കാമെന്നാണ് പി ജെ ജോസഫിന്റെ നിലപാട്.  

LEAVE A REPLY

Please enter your comment!
Please enter your name here