തിരുവനന്തപുരം: വ്യാജ നിയമന ഉത്തരവുകൾ തയ്യാറാക്കി ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ സരിത എസ് നായർക്കെതിരെ നിലവിൽ ഒരു നടപടിയും പാടില്ലെന്ന് പൊലീസിന് കർശന നിർദേശം. ഭരണകക്ഷി നേതാക്കളുടെ നിർദേശത്തെത്തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് നെയ്യാറ്റിൻകര പൊലീസിന് നിർദേശം നൽകിയത്.സരിതയുടെയോ കൂട്ടുപ്രതികളുടെയോ വീടുകൾ റെയ്ഡ് ചെയ്യാനോ രേഖകൾ പിടിച്ചെടുക്കാനോ പാടില്ലെന്നാണ് ലോക്കൽ പൊലീസിന് നിർദേശം കിട്ടിയിരിക്കുന്നത്. സിപിഐ നേതാവ് ടി.രതീഷും ഷാജു പാലിയോടുമാണു മറ്റു പ്രതികൾ. കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡിലെ സിപിഐ സ്ഥാനാർഥിയാണ് രതീഷ്.

സരിതയുമായി ചേർന്നു ജോലി വാഗ്‌ദ്ധാനം ചെയ്‌തു ലക്ഷങ്ങൾ തട്ടുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്‌ത കേസിലെ പ്രതിയാണ് രതീഷ്. തട്ടിപ്പിന്റെ പേരിൽ ഇന്നലെ ഇദ്ദേഹത്തെ സിപിഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി. സരിതയെ അറസ്‌റ്റ് ചെയ്‌താൽ പല ഉന്നതരും കുടുങ്ങുമെന്നാണ് കരുതുന്നത്.കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി ലഭിക്കുന്നതിനു 16 ലക്ഷം രൂപ നൽകിയ രണ്ട് പേരാണ് പരാതി നൽകിയത്. ഇരുപതിലേറെ പേർ കബളിപ്പിക്കപ്പെട്ടതായാണ് സൂചന. നിയമന ഉത്തരവുമായി യുവാക്കൾ എത്തിയപ്പോൾ തന്നെ വ്യാജമാണെന്നു തിരിച്ചറിഞ്ഞെന്നും സംഭവം വിജിലൻസ് അന്വേഷണത്തിനു വിട്ടെന്നുമാണു ബെവ്‌കോ അധികൃതർ പറയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥിക അന്വേഷണം പോലും ആരംഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here