ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം മൂലം പഞ്ചാബ്, ഹരിയാന, ഹിമാചൽ സാമ്പത്തിക മേഖല മാത്രം പ്രതിദിനം നേരിടുന്ന നഷ്‌ടം 3,000 മുതൽ 3,500 കോടി രൂപ വരെയെന്ന് അസോചത്തിന്റെ വിലയിരുത്തൽ. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഗതാഗതം ഉൾപ്പടെ മറ്റു മേഖലകളുടെ സ്ഥിതി കൂടി കണക്കാക്കുമ്പോൾ ഇന്ത്യയുടെ മൊത്തം പ്രതിദിന നഷ്‌ടം ഇതിന്റെ പതിന്മടങ്ങ് വരും.കാർഷക പ്രക്ഷോഭം മൂലം കാർഷിക മേഖലയ്ക്ക് പുറമേ ഇതുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിട്ടുള്ള ഭക്ഷ്യസംസ്‌കരണം, കോട്ടൺ വസ്‌ത്രനിർമ്മാണം, വാഹനം, ഗതാഗതം, കാർഷിക മെഷീനറികൾ, കാർഷികാനുബന്ധ ഐ.ടി സ്റ്റാർട്ടപ്പുകൾ, റെയിൽവേ തുടങ്ങിയ മേഖലകളും പ്രതിസന്ധിയിലായിട്ടുണ്ട്.പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവയുടെ സംയുക്ത സാമ്പത്തിക മൂല്യം 18 ലക്ഷം കോടി രൂപയാണ്. ഇവിടങ്ങളിൽ കർഷക പ്രക്ഷോഭത്തെ തുടർന്ന് റോഡ്, റെയിൽ ഗതാഗതം സ്‌തംഭിച്ചു; ടോൾ പ്ളാസകൾ അടച്ചു. ഇത് ടൂറിസം, വ്യാപാരം എന്നിവയ്ക്ക് പുറമേ ഈ മേഖലയിലെ വിവിധ ഫാക്‌ടറികൾക്കും തിരിച്ചടിയായി.

വസ്‌ത്രം, വാഹനം, വാഹന ഘടകങ്ങൾ, സൈക്കിൾ, സ്‌പോർട്സ് ഉത്‌പന്നങ്ങൾ എന്നിവയുടെ ഒട്ടേറെ ഫാക്‌ടറികൾ പ്രവർത്തിക്കുന്നതാണ് പഞ്ചാബ്, ഹരിയാന, ഹിമാചൽ മേഖല. ക്രിസ്‌മസ്-പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഉണർ‌വിലേക്ക് കരകയറാമെന്ന പ്രതീക്ഷയ്ക്കിടെയാണ് കർഷകക്ഷോഭം ആളിക്കത്തിയത്. ഉത്‌പന്നങ്ങളുടെ നിർമ്മാണവും ഡെലിവറിയും യഥാസമയം നടത്താനാകാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും അസോചം ചൂണ്ടിക്കാട്ടുന്നു.കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മെല്ലെ കരകയറുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ കർ‌ഷകസമരം വലിയ തിരിച്ചടിയാണ് സമ്പദ്‌മേഖലയിൽ സൃഷ്‌ടിക്കുന്നതെന്നും അസോചം വ്യക്തമാക്കി. വിദേശ നിക്ഷേപം വൻതോതിൽ ആകർഷിക്കുന്നതും കയറ്റുമതി രംഗത്ത് ഏറെ പ്രസക്തവുമായ മേഖലയിലാണ് സമരം നടക്കുന്നതെന്ന് കൂടുതൽ ആശങ്കയുണർത്തുന്ന കാര്യമാണെന്ന് അസോചം സെക്രട്ടറി ജനറൽ ദീപക് സൂദ് പറഞ്ഞു.

കർഷകന്റെ വരുമാനം
നബാർഡിന്റെ റിപ്പോർട്ടനുസരിച്ച്, ഇന്ത്യയിലെ കർഷക കുടുംബങ്ങളുടെ ശരാശരി പ്രതിവർഷ സേവിംഗ്സ് വെറും 9,657 രൂപയാണ്. അതായത്, ഭൂരിഭാഗം കർഷകരും സാമ്പത്തികമായി പ്രയാസം നേരിടുന്നു. ഈ സാഹചര്യത്തിൽ ഉത്‌പന്നങ്ങൾക്ക് വിപണിവില പോലും കിട്ടിയില്ലെങ്കിൽ അത് കർ‌ഷകജീവിതം താറുമാറാക്കും.താങ്ങുവില (എം.എസ്.പി) ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പുതിയ കേന്ദ്ര നിയമത്തിനെതിരെ കർഷകർ പ്രതിഷേധിക്കാനും ഇതാണ് മുഖ്യ കാരണം.

കണക്കുകൾ പറയുന്ന പി.എം-കിസാൻ
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നാണ് കാർഷികമേഖല. കൊവിഡിൽ ജി.ഡി.പി വളർച്ചാനിരക്ക് കൂപ്പുകുത്തിയെങ്കിലും പ്രതീക്ഷ നൽകി പിടിച്ചുനിന്നത് കൃഷിയാണ്. കർഷകർക്ക് സാമ്പത്തികാശ്വാസം പകരാൻ കേന്ദ്രം പ്രഖ്യാപിച്ച പി.എം-കിസാൻ പദ്ധതിയുടെ കണക്കുപ്രകാരം മാത്രം രാജ്യത്ത് 11.39 കോടി ചെറുകിട കർഷകരുണ്ട്. പ്രതിവർഷം മൂന്നു ഗഡുക്കളായി 6,000 രൂപ കിട്ടുന്ന പദ്ധതിയിൽ കേരളത്തിൽ നിന്നുമാത്രം ഗുണഭോക്താക്കൾ 36.46 ലക്ഷം പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here