രാജേഷ് തില്ലങ്കേരി 

കൊച്ചി : എറണാകുളം ജില്ലയിൽ നാല് പഞ്ചായത്തുകളിൽ വിജയം നേടിയ ട്വന്റി 20 യെ കേരളത്തിലെ രാഷ്ട്രീയക്കാർ ഭയക്കണം. കാരണം, ട്വന്റി 20 എന്ന സംഘടന നേടിയ രാഷ്ട്രീയ വിജയം എല്ലാ രാഷ്ട്രീയപാർട്ടികൾക്കും എതിരാണ്.
2015 ൽ കിഴക്കമ്പലത്ത് രൂപീകൃതമായ ഒരു സംഘടനയാണ് ട്വന്റി 20.
 
 2020 ൽ കിഴക്കമ്പലം പഞ്ചായത്തിനെ ലോകനിലവാരമുള്ള ഒരു പഞ്ചായത്താക്കി മാറ്റുകയെന്ന ലക്ഷ്യമായിരുന്നു സംഘടനയ്ക്ക്. അതാണ് സംഘടനയുടെ പേര് ട്വന്റി 20 എന്നു നാമകരണം ചെയ്തത്.വ്യവസായിയും കിറ്റക്‌സ് ഗ്രൂപ്പിന്റെ എം ഡിയുമായ സാബു ജേക്കബ്ബ് ചീഫ് കോ-ഓഡിനേറ്ററായി രൂപീകരിച്ച സംഘടന ഒരിക്കലും രാഷ്ട്രീയ ശക്തിയായി മാറാൻ ലക്ഷ്യമിട്ടിരുന്നില്ല.
എന്നാൽ കിഴക്കമ്പലം പഞ്ചായത്തിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തി. 19 സീറ്റിൽ 16 സീറ്റുകളിൽ ട്വന്റി 20 വിജയിച്ചു.
 
 കിഴക്കമ്പലത്ത് പുതിയ അൽഭുതങ്ങൾ ഉണ്ടാവുമെന്ന് ജനം തിരിച്ചറിഞ്ഞു. ജനകീയ കൂട്ടായ്മ എന്ന പേരിലാണ് ഭരണം പിടിച്ചത്.
റോഡ് വികസനമാണ് ട്വന്റി 20 നടപ്പാക്കിയ വികസനം. എടുത്തുപറയേണ്ട മറ്റൊരു വികസനം ലക്ഷം വീട് കോളനികളെല്ലാം പുതുക്കി പണിത് നല്ലൊന്നാംതരം വില്ലകൾ പോലെയാക്കി.

കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റാണ് ട്വന്റി 20 യെ ജനകീയമാക്കിയത്. മാർക്കറ്റ് വിലയിൽ നിന്നും അമ്പത് ശതമാനം കുറവിലാണ് ഇവിടെ നിന്നും നൽകിയിരുന്നത്. കൊറോണ കാലത്ത് അത് പിന്നെയും കുറഞ്ഞു. 80 ശതമാനം വരെ വിലക്കുറവിലാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്.

കിഴക്കമ്പലം പഞ്ചായത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ  ട്വന്റി 20 യെ സമീപ പഞ്ചായത്തുകളിലേക്ക് കൂടി വിലുലീകരിക്കാൻ സംഘടന തീരുമാനമെടുത്തു. എല്ലാ രാഷ്ട്രീയ പാർട്ടികളും ട്വന്റി 20 യെ എതിർത്തു. എന്നാൽ സമീപ പഞ്ചായത്തുകളായ കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് എന്നിവയാണ് ട്വന്റി 20 വിജയിച്ച മറ്റു പഞ്ചായത്തുകൾ. ഐക്കരനാടിൽ മുഴുവൻ സീറ്റും വിജയിച്ചാണ് ട്വന്റി 20 കന്നി വിജയം നേടിയത്.

കഴിഞ്ഞ അഞ്ചു വർഷക്കാലം ട്വന്റി 20 കിഴക്കമ്പലത്ത് നടത്തിയ പ്രവർത്തനങ്ങളാണ് ഈ വൻ വിജയത്തിന് വഴിവച്ചത്. ഒരു രാഷ്ട്രീയ പാർട്ടിക്കും ചെയ്യാൻ കഴിയാത്ത അത്രയും വികസന പ്രവർത്തനങ്ങളാണ് കിഴക്കമ്പലത്ത് ട്വന്റി 20 നടപ്പാക്കിയത്. ഇതാണ് സമീപ പഞ്ചായത്തുകളിലേക്ക് ട്വന്റി 20 കൂട്ടായ്മയ്ക്ക് സ്വീകാര്യതയുണ്ടാക്കിയത്. വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് നാല് പഞ്ചായത്തുകളിൽ കൂടി സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനമെടുക്കുന്നത്.

നൂറുക്കണക്കിന് കുടുംബങ്ങളാണ് ട്വന്റി 20 യിൽ അംഗത്വമെടുക്കാൻ തയ്യാറായത്. മനുഷ്യന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ക്ഷേമ പ്രവർത്തനം നടത്തുകയും അത് അർഹതപ്പെട്ടവരുടെ കൈകളിൽ കൃത്യമായി എത്തിക്കുകയുമാണ് ട്വന്റി 20 ചെയ്തത്.
ചീഫ് കോ-ഓഡിനേറ്റർ  സാബു ജേക്കബ്ബിന്റെ വ്യക്തമായ പ്ലാനിംഗാണ് ട്വന്റി 20 യുടെ  ശക്തി. വ്യവസായി എന്ന നിലയിൽ അദ്ദേഹം കൈവരിച്ച പരിജ്ഞാനമാണ് ഇതിനെല്ലാം അനുകൂല ഘടകം.

ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും സൗജന്യമായി കുടിനീരും എത്തിച്ചാണ് കെജരിവാൾ ആംഅത്മി പാർട്ടിയെ ജനകീയമാക്കിയത്. എന്നാൽ അതിലും മുന്നേറിയാണ് സാബു ജേക്കബ്ബ് ജനക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നത്. തന്റെ സ്ഥാപനത്തിന്റെ സാമൂഹ്യ സുരക്ഷാ ഫണ്ട് വളരെ സൂഷ്മതയോടെ വിനിയോഗിക്കുന്നതിലാണ് സാബു ജേക്കബ്ബ് കാണിക്കുന്ന മിടുക്ക്. 
 
ഉന്നതമായ ഭരണ പാടവമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. കേരളത്തിൽ മാറി മാറി ഭരിക്കുന്ന മുന്നണികൾക്കും, ജനത്തെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന നേതാക്കൾക്കുമുള്ള ശക്തമായ താക്കീതാണ് ട്വന്റി 20. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമാണ് ഈ സംഘടന ശ്രദ്ധയൂന്നുന്നത്. 
 
അഴിമതിയില്ല, കൈക്കൂലിയില്ല, സ്വജനപക്ഷപാതമില്ല. അർഹതയുള്ളവനെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും. അതാണ് ട്വന്റി 20 യുടെ പ്രഖ്യാപിത ലക്ഷ്യം, ഏറ്റവും വലിയ ജനക്ഷേമ പ്രവർത്തനം ഭക്ഷ്യസുരക്ഷാ മാർക്കറ്റാണ്.

ഒരുനേരം ആഹാരം കഴിക്കാനില്ലാത്തവർ ആരുമില്ലാത്ത ഇടമായിരുന്നു കിഴക്കമ്പലം. ഇനി നാല് പഞ്ചായത്തിലെ ജനം കൂടി ഈ സൗകര്യങ്ങൾ അനുഭവിക്കും. 
 
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 മത്സരിക്കുമെന്ന് സാബു ജേക്കബ്ബ് പ്രഖ്യാപിച്ചിരിക്കയാണ്. എത്ര മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് വ്യക്തമല്ല. എന്തായാലും അവർ നേടിയ വിജയം, അവരുടെ സ്വീകാര്യത എല്ലാവരെയും അസൂയപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് ട്വന്റി 20യെ ആംആദ്മി പാർട്ടിയെപ്പോലെ കേരളം കീഴടക്കുമെന്ന് വിശ്വസിക്കുന്നത്. സാബൂ ജേക്കബ്ബ് കെജ്രിവാളിനും അപ്പുറത്തേക്ക് വളരുകയാണ്;  എല്ലാ അർത്ഥത്തിലും .
 
സാബുവിനെപ്പോലെയോ അദ്ദേഹത്തേക്കാളുമപ്പുറം ധനികരായ വ്യവസായികൾ ഉണ്ട് കേരളത്തിൽ. തിരുവനന്തപുരം മുതൽ കാസർകോട് ജില്ലകൾ വരെ നോക്കിയാൽ ഓരോ ജില്ലയിലുമുണ്ട് ഒന്നിലധികം വമ്പൻ വ്യവസായികൾ. ഇവർ മനസു വയ്ക്കുകയോ അല്ലെങ്കിൽ സാബുവിനെപ്പോലെ ഒന്നിച്ചു പ്രവർത്തിക്കുകയോ ചെയ്താൽ കേരളമെന്ന കൊച്ചു ഗ്രാമത്തെ  അമേരിക്കൻ – യുറോപ്പ് രാജ്യങ്ങളിലെ നിലവികാരങ്ങളെക്കാൾ മികച്ചതാക്കി മാറ്റം. 
 
എന്നാൽ കേരളത്തിലെ മറ്റു വൻകിട വ്യവസായികൾ ഇത്തരം ജനകീയ വികസന രംഗത്തേക്ക് കടന്നു വരാൻ അറച്ചു നിൽക്കാൻ കാരണം രാഷ്ടട്രീയ – തൊഴിലാളി രംഗത്തെ നേതാക്കന്മാരെ ഭയക്കുന്നതോ സ്വാർത്ഥ താൽപര്യങ്ങളോ മൂലമാവാം. ഈ തെരെഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിൽ വോട്ട് ചെയ്യാൻ പോയ കിറ്റെക്സിലെ ജീവനക്കാരനെയും ഭാര്യയെയും രാഷ്ട്രീയക്കാർ വളഞ്ഞിട്ടു ആക്രമിച്ചത് മാത്രം മതി അവർ 20 ട്വൻറിയെ എത്ര മാത്രം ഭയക്കുന്നുവെന്നറിയാൻ. 
 
എന്തായാലും 2020 വർഷാവസാനത്തിൽ തന്നെ വലിയ താരമായി മാറിയിരിക്കുകയാണ് 20 ട്വന്റി ജനകീയ മുന്നേറ്റം. 
 

LEAVE A REPLY

Please enter your comment!
Please enter your name here