സ്വന്തം ലേഖകൻ 

കൊച്ചി : കൊറോണക്കാലത്തെ സർക്കാറിന്റെ കിറ്റ് വിതരണവും മുഖ്യമന്ത്രിയുടെ പത്രസമ്മേളനവുമാണ് തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് കാരണമെന്ന് സി പി എം വിലയിരുത്തൽ. സ്വർണക്കടത്ത് വിവാദവും മറ്റു സർക്കാരിനെയും പാർട്ടിയെയും ഏറെ ഉലച്ചപ്പോഴും സാധാരണക്കാരുടെയിടയിൽ ഇതൊന്നും ബാധിക്കാതിരുന്നത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണമാണ്. അതാണ് സൗജന്യ കിറ്റ് വിതരണം ഏപ്രിൽവരെ തുടരാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം.
കിഴക്കമ്പലത്തും സമീപത്തെ പഞ്ചായത്തുകളിലും ട്വന്റി-20 എന്ന സംഘടന നേടിയ വിജയം ഭക്ഷ്യസുരക്ഷാ പദ്ധതിയാണെന്ന തിരിച്ചറിവും ഇടതുമുന്നണിക്കുണ്ട്. അതിനാൽ സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാവണമെങ്കിൽ ശ്രദ്ധയോടെ നീങ്ങണണെന്നും ഇടതുമുന്നണി നേതാക്കൾ വിലയിരുത്തി.

കൊറോണകാലത്ത് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം  സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെയാണ് സൗജന്യമായി ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനമെടുക്കുന്നത്. ആദ്യം ഭക്ഷണം ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള സമൂഹ അടുക്കള ആരംഭിച്ചു.

ഏപ്രിൽ മാസം വിഷുവിന് സൗജന്യമായി ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. അത് റംസാനും തുടർന്നു. ഓണം വരെ കിറ്റ് തുടരാൻ സർക്കാർ തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് വരെ സൗജന്യകിറ്റ് വിതരണം തുടരുന്നത് ഗുണം ചെയ്യുമെന്ന് കണ്ടതോടെ സർക്കാർ കിറ്റു വിതരണവുമായി മുന്നോട്ട്‌പോയി. ക്രിസ്തുമസ് കിറ്റ് വിതരണത്തോടെ പദ്ധതിക്ക് സമാപനം കുറിക്കാനാണ് സർക്കാർ തീരുമാനമെടുത്തത്. എന്നാൽ ഏപ്രിൽവരെ കിറ്റ് വിതരണം തുടർന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടാമെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ. ‘കൊറോണാ കാലത്തെ കരുതൽ’ വലിയതോതിൽ വിജയം കണ്ടു. സൗജന്യ ഭക്ഷണ വിതരണം, കൊറോണ ചികിൽസ എന്നിവയാണ് പ്രധാനമായും ഇടതുമുന്നണി ആയുധമാക്കിയിരുന്നത്.
സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുമെങ്കിലും ഒരു വർഷക്കാലം സൗജന്യമായി ഭക്ഷ്യധാന്യങ്ങളും അരിയും മറ്റും വിതരണം ചെയ്യുന്നത് വലിയ നേട്ടങ്ങൾക്ക് കാരണമാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here