ദുബൈ: ദുബൈയിൽനിന്ന് നാട്ടിലേക്കു പോകുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. ദുബൈ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റേതാണ് തീരുമാനം.
മുൻപ്, ദുബൈയിലേക്കു വരുന്നവർക്കു മാത്രമായിരുന്നു നിർബന്ധിത കോവിഡ് പരിശോധന. നാട്ടിൽ നിന്ന് വരുന്നവർ 96 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തണമെന്ന നിർദേശം 72 മണിക്കൂറായി കുറച്ചു. ഈ മാസം 31 മുതലാണ് പുതിയ നിയമം നിലവിൽ വരുക.
നിലവിൽ ദുബൈ വിമാനത്താവളത്തിൽ എത്തുന്നവരെ കോവിഡ് പരിശോധനക്കു വിധേയമാക്കുന്നുണ്ട്. സൗജന്യമായാണ് ഈ പരിശോധന നടത്തുന്നത്. പരിശോധന ഫലം വരുന്നതുവരെ മാത്രമാണ് ക്വാറന്റീനിൽ കഴിയേണ്ടത്.