മനാമ: കൊറോണവൈറസ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി.കൊറോണവൈറസിന്റെ പുതിയ വകഭേദം ബഹ്‌റൈനില്‍ കണ്ടെത്തിയതോടെ റെസ്‌റ്റോറണ്ടുകളിലും കഫേകളിലും ഡൈനിംഗ് ജനുവരി 31 മുതല്‍ മൂന്നാഴ്ചത്തേക്ക് വിലക്കി.ടേക് എവേ, ഡെവലിവെറി മാത്രമേ അനുവദിക്കൂ.

മൂന്നാഴ്ചത്തേക്ക് സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയുള്ള അധ്യയനം നിര്‍ത്തിവെക്കും. പകരം ഓണ്‍ലൈനായി മാത്രമായിരിക്കും അധ്യയനം. അഭൂതപൂര്‍വ്വമായ വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്നും മൂന്നാഴ്ച ശക്തമായ ജാഗ്രതപാലിച്ചാല്‍ മാത്രമേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയൂവെന്നും കിരീടവകാശിയും പ്രധാനമന്ത്രിയുമായ ബഹ്‌റൈൻ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.

ഒമാനില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന്റെ ഭാഗമായി എല്ലാവിധ സാമൂഹിക പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. സ്‌പോര്‍ട്‌സ്, എക്‌സിബിഷന്‍, അന്താരാഷ്ട്ര സമ്മേളനങ്ങള്‍ എന്നിവക്കും വിലക്ക് ബാധകം. കോളജുകളിലും സര്‍വകലാശാലകളിലും ക്ലാസുകള്‍ ആരംഭിക്കാനുള്ള തീയതി നീട്ടി. സ്വദേശികളും വിദേശികളും വിദേശത്തേക്കുള്ള യാത്രകള്‍ അത്യാവശ്യമില്ലെങ്കില്‍ ഒഴിവാക്കാനും ഒമാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.

യുഎഇയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി. ദുബായിലേക്ക് വരുന്നവര്‍ക്ക് യാത്രക്ക് മുന്‍പ് 72 മണിക്കൂറിനിടെ ചെയ്ത ആര്‍ടി പിസിആര്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നേരത്തെ 96 മണിക്കൂറായിരുന്നു. ഞായറാഴ്ച ഇത് പ്രാബല്യത്തില്‍ വരും. സ്വദേശികള്‍ക്ക് മുന്‍കൂട്ടിയുള്ള പരിശോധനയില്‍ ഇളവുണ്ട്. ചില രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ വീണ്ടും പരിശോധന നടത്തും. ലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും 10 ദിവസം ക്വാറന്റീലിരിക്കണം.

ദുബായിലെ എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യവകുപ്പ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരക്കൊഴിവാക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കണം. ഓരോ അപ്പോയിന്റ്‌മെന്റിനും ഇടയില്‍ 20 മിനിറ്റ് ഇന്റര്‍വെല്‍ ഉണ്ടാകണം.

ആറു ഗള്‍ഫ് രാജ്യങ്ങളിലായി ഇതുവരെ 12,08,649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 10,286 പേര്‍ മരിച്ചു. 11,51,279 പേര്‍ക്ക് രോഗമുക്തി. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് കേസുകള്‍ വര്‍ധിച്ചത്. യുഎഇയില്‍ പ്രതദിന കേസുകള്‍ നാലായിരത്തിനടുത്തെത്തി. വ്യാഴാഴ്ച 3,966 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 2,93,052 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 2,67,024 പേര്‍ക്ക് രോഗം ഭേദമായി. 819 പേര്‍ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here