സാൻ ഫ്രാൻസിസ്കോ: സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് ടെസ്‍ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകാനില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മസ്ക് സമൂഹമാധ്യമത്തിനു വിലപറഞ്ഞത്. 41 ബില്യൻ ഡോളറാണ് മസ്കിന്റെ വാഗ്ദാനം. കമ്പനി ചെയർമാൻ ബ്രറ്റ് ടെയ്‌ലറിന് അയച്ച കത്തിലാണ് ഇലോൺ മസ്ക് ഇക്കാര്യം അറിയിച്ചത്.

‘ട്വിറ്ററിൽ നിക്ഷേപം നടത്തിയതിനുശേഷം, കമ്പനി അതിന്റെ നിലവിലെ രൂപത്തിൽ ഈ സമൂഹത്തിന്റെ അനിവാര്യതയെ അഭിവൃദ്ധിപ്പെടുത്തുകയോ സേവിക്കുകയോ ചെയ്യില്ലെന്ന് ഞാൻ മനസ്സിലാക്കി. ട്വിറ്ററിനെ ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ട്. എന്റെ ഓഫർ ഏറ്റവും മികച്ചതും അവസാനത്തേതുമാണ്. അത് സ്വീകരിച്ചില്ലെങ്കിൽ, ഒരു ഓഹരിയുടമ എന്ന നിലയിലുള്ള എന്റെ സ്ഥാനം ഞാൻ പുനഃപരിശോധിക്കേണ്ടി വരും.’– മസ്ക് കത്തിൽ പറയുന്നു.

ട്വിറ്ററിൽ 9.2% ഓഹരി ഇലോൺ മസ്ക് സ്വന്തമാക്കിയിരുന്നു. ജനുവരി മുതൽ ട്വിറ്ററിന്റെ ഓഹരി വാങ്ങാൻ ആരംഭിച്ച മസ്ക്, ഏപ്രിൽ 4നാണ് പ്രഖ്യാപനം നടത്തിയത്. മസ്കിന്റെ പ്രഖ്യാപനം വന്നതോടെ ട്വിറ്ററിന്റെ ഓഹരിവില 27 ശതമാനമാണു കുതിച്ചത്. മസ്ക് ട്വിറ്ററിന്റെ ഓഹരികൾ സ്വന്തമാക്കിയത് യുഎസിലെ വിപണി നിയമങ്ങൾ ലംഘിച്ചാണെന്ന് പരാതി ഉയർന്നിരുന്നു.

ഇലോൺ മസ്ക് ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചെങ്കിലും ആ തീരുമാനം മാറ്റിയതായി ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എന്താണ് കാരണമെന്ന് ഇനിയും വ്യക്തമല്ല.

ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വേണോ എന്നതടക്കം ബോർഡിലെത്തിയാൽ ചെയ്യേണ്ട പല പരിഷ്കാരങ്ങൾ സംബന്ധിച്ചും മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ട്വിറ്ററിനെ വിമർശിക്കുന്ന ട്വീറ്റുകളുമുണ്ടായി. മസ്ക് ബോർഡിൽ വരുന്നതിനെതിരെ ജീവനക്കാരിൽനിന്നടക്കം പ്രതിഷേധമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിചിത്രമായ പരിഷ്കാരങ്ങൾക്ക് മസ്ക് തന്റെ ബോർഡ് അംഗത്വം ഉപയോഗിക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here