പി പി ചെറിയാന്‍

സമയം അര്‍ധരാത്രിയോടടുക്കുന്നു. തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും തീരെ ഉറക്കം വരുന്നില്ല. കിടക്കയില്‍ നിന്നും എഴുനേറ്റു ജനലിനു സമീപം കിടന്നിരുന്ന കസേരയില്‍ ഇരുന്നു പുറത്തേക്കു നോക്കി. ആകാശത്തു നിറഞ്ഞു നിന്നിരുന്ന കാര്‍മേഘങ്ങള്‍ ചന്ദ്ര പ്രകാശത്തെ പൂര്‍ണമായും മറച്ചിരിക്കുന്നു. കൂരാകൂരിരുട്ട്. കള്ള കര്‍ക്കിടക മാസത്തിന്റെ പ്രതാപത്തിനു മാറ്റുകൂട്ടുംവിധം ഉണ്ടായ ശക്തമായ ഇടിമിന്നലിലും തുള്ളിക്കൊരു കുടം എന്ന നിലയില്‍ ആര്‍ത്തലച്ചു പെയ്ത മഴയിലും വഴിയോര ലൈറ്റുകള്‍ എല്ലാം അണഞ്ഞിരുന്നു.

വീടിനു മുന്‍പില്‍ കാവല്‍ക്കാരനായി നിന്നിരുന്ന നായയുടെ നിര്‍ത്താതെയുള്ള മോങ്ങല്‍. ഭാഗ്യം എന്ന് പറയട്ടെ വീട്ടിലേക്കുള്ള വൈദ്യുതി പ്രവാഹത്തിന് തടസ്സം നേരിട്ടിരുന്നില്ല. ഇങ്ങനെ എത്ര നേരം പുറത്തേക്കു നോക്കി ഇരുന്നുവെന്നറിയില്ല. തൊട്ടടുത്ത ബെഡില്‍ കിടന്നു ഭാര്യ നല്ല ഉറക്കത്തിലാണ്. പെട്ടെന്നാണ് മിന്നാമിനുങ്ങിന്‍ വെട്ടം പോലെ എന്തോ വീടിന്റെ മുന്‍പിലുള്ള ഇടവഴിയിലൂടെ നീങ്ങുന്നതായി ദൃഷ്ടിയില്‍ പെട്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ വെട്ടം വീടിനെ ലക്ഷ്യമാക്കി തന്നെയാണ് വരുന്നതെന്നു മനസ്സിലായി.

അടുത്ത് വരും തോറും പ്രകാശം വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു ആരാണ് ഈ അസമയത്തു അന്ധകാരത്തിലൂടെ വീടിന്റെ മുന്‍പിലേക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ വരുന്നത്? സൂക്ഷിച്ചു നോക്കുന്നതിനു അവസരം ലഭിക്കുന്നതിന് മുന്‍പുതന്നെ ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം. വാതില്‍ തുറക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോള്‍ പരിചിതമായൊരു ശബ്ദം ‘സണ്ണി വാതില്‍ തുറക്കൂ, ഇത് ഞാനാണ് നിന്റെ പ്രിയപ്പെട്ട സ്‌നേഹിതന്‍ ശങ്കരന്‍’. ശബ്ദം തിരിച്ചറിഞ്ഞതോടെ വാതിലിന്റെ സാക്ഷാ സാവകാശം നീക്കി. പാതി തുറന്ന വാതില്‍ പാളികള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ അരണ്ടവെളിച്ചത്തില്‍ അതിഥിയെ തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. ‘ശങ്കരാ നീ എന്താണ് ഇവിടേ ഈ അസമയത്തു പതിവില്ലാതെ’?

പെട്ടെന്ന് മനസ്സിനകത്തൊരു ഇടിമിന്നലേറ്റതുപോലെ എന്റെ സുഹൃത്ത് ശങ്കരന്‍ ചില മാസങ്ങള്‍ക്കു മുന്‍പേ തന്നെ മരിച്ചുപോയിരുന്നല്ലോ. ഞാനും ശങ്കരനും ഒരേ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവരാണ്. മതത്തിന്റെയോ വര്‍ഗത്തിന്റെയോ വര്‍ണത്തിന്റേയോ അതിര്‍വരമ്പുകലില്ലാതെ ചെറുപ്പം മുതല്‍ ഇണങ്ങിയും പിണങ്ങിയും ഒന്നിച്ചു കളിച്ചു വളര്‍ന്ന ആത്മാര്‍ത്ഥ സ്‌നേഹിതരായിരുന്നു. ശങ്കരന്റെ മാതാപിതാക്കള്‍ പറമ്പിലെ ജോലിക്കാരായിരുന്നു. പക്ഷെ പഠിപ്പില്‍ എന്നേക്കാള്‍ സമര്‍ഥനായിരുന്നു ശങ്കരന്‍.

രണ്ടുപേരും ഒരേ സമയത്താണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതു. രണ്ടുപേര്‍ക്കും ഉയര്‍ന്ന ശമ്പളത്തില്‍ രണ്ടു വ്യത്യസ്ത ബാങ്കകളില്‍ ജോലി ലഭിക്കുകയും ചെയ്തു. ജോലിക്കു ചേര്‍ന്നു ഒരുവര്‍ഷം പോലും തികഞ്ഞിരുന്നില്ല. ഒരു ദിവസം ബാങ്കില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടയില്‍ എവിടെ നിന്നോ ചീറി പാഞ്ഞു വന്ന വാഹനം ശങ്കരന്റെ ജീവനെടുക്കുകയായിരുന്നു. പ്രായമായ മാതാപിതാക്കളും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശങ്കരന്‍.

മുന്‍പില്‍ വന്നു നില്‍ക്കുന്നത് ശങ്കരനാണെന്നു തീര്‍ത്തും ഉറപ്പു വരുത്തിയതോടെ എല്ലാ ധൈര്യവും സംഭരിച്ചു വാതില്‍ പൂര്‍ണമായും തുറന്ന് ഒന്നുകൂടെ പുറത്തേക്കു നോക്കി. പക്ഷെ പുറത്തു ആരെയും കാണുന്നില്ല. അപ്പോഴും ശങ്കരെന്റെ ശബ്ദം കാതില്‍ അലയടിച്ചുകൊണ്ടേയിരുന്നു. വീടിന് വെളിയില്‍ ഇറങ്ങി ശബ്ദത്തെ അനുധാവനം ചെയ്ത് എത്ര ദൂരം പോയി എന്നറിയില്ല. സ്ഥലകാല ബോധം തിരിച്ചുകിട്ടിയപ്പോള്‍ കാണുന്നതു വീടിനടുത്തുള്ള പൊതു ശ്മശാനത്തില്‍ ശങ്കരന്റെ മൃതുദേഹം അഗ്‌നി നാളങ്ങള്‍ ഏറ്റുവാങിയ അതേ സ്ഥാനത്തു നില്‍ക്കുന്നതാണ്.

ആപരിസരത്തെങ്ങും ആരെയും കാണാന്‍ കഴിഞ്ഞില്ല. ഇതിനിടെ നേരം പരുപരാ വെളുത്തു തുടങ്ങിയിരുന്നു. ഇന്നലെ വീട്ടിലേക്ക് വന്നത് ശങ്കരന്‍ തന്നെ ആയിരുന്നില്ലേ? ഇന്നലെ അവന്റെ ജന്മദിനമായിരുന്നു. ഓര്‍മവെച്ച നാള്‍മുതല്‍ എല്ലാ വര്‍ഷവും ജന്മദിനത്തില്‍ ഞങ്ങള്‍ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. ഒരുപക്ഷെ ഈ ജന്മദിനത്തിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കണമെന്ന ആവശ്യപ്പെടാനായിരുക്കുമോ അവന്‍ എന്ന കാണാന്‍ വന്നതു. പ്രഭാതത്തില്‍ സൂര്യ കിരണങ്ങള്‍ തെളിഞ്ഞതോടെ അവന്‍ തന്റെ വിശ്രമ സ്ഥലത്തു അഭയം തേടിയതായിരിക്കാം.

പൊതു ശ്മശാനത്തില്‍ നിന്നും തിരിച്ച് വീട്ടിലേക്ക് നടന്നടുക്കുമ്പോള്‍ ഗേറ്റിനു മുന്‍പില്‍ ഒരു കപ്പു ചൂടു കാപ്പിയുമായി ഭാര്യ നില്‍പ്പുണ്ട്. സാധാരണയായി പ്രഭാത സവാരിക്കായി പോയി തിരിച്ചുവരുമ്പോള്‍ തന്നെ സ്വീകരിക്കാറുള്ളതുപോലെ. പക്ഷെ പതിവിനു വിപരീതമായി അര്‍ധരാത്രി മുതല്‍ പ്രഭാതം വരെ സംഭവിച്ചതൊന്നും ഭാര്യ അറിഞ്ഞിരുന്നില്ല. ചൂടു കാപ്പി ചുണ്ടിനോടടുപ്പിക്കുമ്പോള്‍ കഴിഞ്ഞതെല്ലാം വെറുമൊരുസ്വപ്നമായിരുന്നോ, യാഥാര്‍ഥ്യമായിരുന്നോ എന്ന് തിരിച്ചറിയാനാകാതെ ഇതികര്‍ത്തവ്യാമൂഢനായി നിന്നുപോയി.

 

LEAVE A REPLY

Please enter your comment!
Please enter your name here