ഒട്ടാവ:മലയാളികളുടെ ഒത്തൊരുമയുടെയും സംഘാടന മികവിന്റെയും കേളി കൊട്ടായി കനേഡിയൻ പാർലിമെന്റിലെ ഓണാഘോഷം. ഒക്ടോബർ 5നു  പാർലമെന്റിനോടു ചേർന്ന മക്‌ഡൊണാൾഡ് ഹാളിൽ ആയിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്.  ഒട്ടാവ മലയാളി അസോസിയേഷൻ മുൻകൈ എടുത്തു നടത്തിയ ഓണാഘോഷത്തിൽ ഹാലിഫാക്സ് മലയാളി അസോസിയേഷൻ (Halifax Malayali Association – HMA), ടോറോന്റോ മലയാളി സമാജം, മലയാളി അസോസിയേഷൻ ഇൻ ക്യുബെക്, നയാഗ്ര മലയാളി അസോസിയേഷൻ, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയ (?????), അൽഗോൺക്വിൻ കോളജ് മലയാളി സ്റ്റുഡന്റസ് ആൻഡ് അലുംനൈ ക്ലബ് എന്നീ മലയാളി അസോസിയേഷനുകൾ ഭാഗഭാക്കായി. വാദ്യമേളവും മോഹിനിയാട്ടവും നാടൻ പാട്ടുകളും നൃത്യനൃത്തങ്ങളും നിറഞ്ഞാടിയ രാവിൽ മലയാളിയുടെ ഓണപ്പെരുമ കനേഡിയൻ പാർലിമെന്റിൽ ജ്വലിച്ചു നിന്നു. 

മന്ത്രിമാരും ജനപ്രതിനിധികളും പൗരപ്രമുഖരും അലങ്കരിച്ച വേദിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ  ഓണസന്ദേശം വായിച്ചു. പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ പിയറി പൊളിവർ ചടങ്ങിൽ സംബന്ധിച്ചു മലയാളികളെ ഓണസന്ദേശം അറിയിച്ചു. ഒട്ടനവധി ആളുകളുടെ  സുദീർഘമായ പരിശ്രമങ്ങളുടെ പരിണിത ഫലമായിട്ടാണു പാർലമെന്റിൽ ഓണാഘോഷം സാധ്യമായത്.  പ്രമുഖ മലയാളി വ്യക്തിത്വങ്ങളായ ടോം വർഗീസ്, റാം മതിലകത്ത്,  ബിജു ജോർജ്, സതീഷ് ഗോപാലൻ, രേഖ സുധീഷ്  എന്നിവർ നേതൃത്വം നൽകി.

കാനഡയിലെ മലയാളി സമൂഹത്തിനു ഈ ആഘോഷം വലിയ ഒരു ഉണർവാണ് നൽകിയത്. അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഒരു പ്രവാസി സമൂഹമെന്ന നിലയിൽ മലയാളികൾ കാനഡയുടെ വളർച്ചയിൽ സ്തുത്യർഹമായ പങ്കു വഹിക്കുന്നുണ്ട്. കാനഡയിലെ അങ്ങോളമിങ്ങോളമുള്ള പ്രമുഖ മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടു വരാൻ കഴിഞ്ഞു എന്നതാണ് ഇതിലെ പ്രധാന നേട്ടം. വിദ്യാർഥികൾക്കും കാനഡയിലേക്കു പുതുതായി കുടിയേറുന്നവർക്കും വളരെ സഹായകമായി തീരാവുന്ന ഈ സംരംഭത്തെ മലയാളികൾ വളരെ ആകാംക്ഷ പൂർവമാണ് നോക്കിക്കാണുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here