ജിദ്ദ: സൗദിയിലെ വിവിധ നഗരങ്ങളിലും ചില ഗവർണറേറ്റ്​ പരിധികളിലും വെള്ളിയാഴ്ച പൊടിക്കാറ്റും ഇടിമിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നജ്‌റാൻ, ജീസാൻ, അസീർ, അബഹ എന്നീ പ്രദേശങ്ങളിൽ ദൂരക്കാഴ്ചയെ കുറക്കുന്ന വിധത്തിൽ പൊടിക്കാറ്റ് ആഞ്ഞടിക്കുമെന്നും ഇടിമിന്നലും നേരിയ പേമാരിയും പ്രതീക്ഷിക്കുന്നതായും കേന്ദ്രം വ്യക്തമാക്കി.

മക്ക, റിയാദ് നഗരത്തിനെറ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലും പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുവാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ചെങ്കടലിന്റെ ഉപരിതല കാറ്റിന്റെ വേഗത വടക്ക് -പടിഞ്ഞാറ് ദിശകളിൽ 15 മുതൽ 35 കിലോമീറ്റർ വേഗതയിലും തെക്ക് – പടിഞ്ഞാറ് ഭാഗങ്ങളിൽ 15 മുതൽ 30 കിലോമീറ്റർ വേഗതയിലും ആയിരിക്കും.

ചില ഭാഗങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അടിച്ചുവീശാൻ സാധ്യതയുള്ളതായും കേന്ദ്രം പ്രവചിച്ചു. ചെങ്കടലിലെ തിരമാലകളുടെ ഉയരം ഒന്ന് മുതൽ രണ്ട് മീറ്റർ വരെ ആയിരിക്കുമെന്നും അതിനാൽ കടലിൽ ഇറങ്ങുന്നവർ കൂടുതൽ ജാഗ്രത കൈക്കൊള്ളാനും അധികൃതർ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here