ജിദ്ദ: സൗദിയിലെ സ്വകാര്യമേഖല ജീവനക്കാർക്ക് ഈ വർഷത്തെ ബലിപെരുന്നാൾ അവധി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ നോൺ-പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് നാലു ദിവസത്തെ പെരുന്നാൾ അവധിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചു.

ജൂൺ 27 (ദുൽഹിജ്ജ 9) അറഫ ദിനം മുതൽ 30 വരെയാണ് ജീവനക്കാർക്ക് അവധിക്ക് അർഹതയുണ്ടാവുകയെന്ന് മന്ത്രാലയം അറിയിച്ചു. ജൂൺ 30 വാരാന്ത അവധി ആയതിനാൽ അതിന് പകരം മറ്റു ദിവസം അവധി നൽകണം. ഇത് തൊഴിലുടമക്ക് തീരുമാനിക്കാം. തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 24 ൽ ആണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കുന്നത്.

തൊഴിൽ നിയമത്തിൽ അനുശാസിക്കുന്ന ‘ഓവർലാപ്പ് കേസുകൾ’ പരിഗണിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അവധി ദിനങ്ങളും വാരാന്ത്യ ദിവസങ്ങളും ഒരുമിച്ചാണ് വരുന്നതെങ്കിൽ അവധി ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങൾ തൊഴിലാളികൾക്ക് അവധി നൽകണം എന്നാണ് വ്യവസ്ഥ. തൊഴിൽ ഉടമയാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും അവധി നൽകുന്നില്ലെങ്കിൽ നഷ്ടപരിഹാരമായി വേതനം നൽകണം എന്ന വ്യവസ്ഥ പാലിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

എന്നാൽ പൊതു മേഖല ജീവനക്കാർക്ക് വാരാന്ത്യ അവധിയടക്കം രണ്ടാഴ്‌ചയോളം പെരുന്നാൾ അവധി ലഭിക്കും. അതേ സമയം സ്വകാര്യ നോൺ-പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് അറഫ ദിനം മുതൽ ദുൽഹജ്ജ് 12 വരെയുള്ള നാലു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. തൊഴിൽ നിയമം അനുശാസിക്കുന്ന മിനിമം പെരുന്നാൾ അവധിയാണിത്. ഇതിൽ കൂടുതൽ അവധി സ്വകാര്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജീവനക്കാർക്ക് നൽകുന്നതിന് നിയമ തടസ്സമില്ല.

നേരത്തേ ഹജ്ജ് നിർവഹിക്കാത്ത ജീവനക്കാർക്ക് സർവീസ് കാലത്ത് ഒരു തവണ വേതനത്തോട് കൂടിയ ഹജ്ജ് അവധിക്ക് അവകാശമുണ്ട്. 10 ദിവസത്തിൽ കുറയുകയോ 15 ദിവസത്തിൽ കൂടുകയോ ചെയ്യാത്ത ഹജ്ജ് അവധിക്കാണ് തൊഴിലാളിക്ക് അവകാശമുള്ളത്. ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും തങ്ങളുടെ തൊഴിലുടമയുടെ കീഴിൽ ജോലിപൂർത്തിയാക്കിയ തൊഴിലാളിക്കാണ് ഇതിന് അവകാശമുള്ളതെന്നും സൗദി തൊഴിൽ നിയമത്തിൽ വ്യവസ്ഥചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here