കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മലയാളത്തിലെ രണ്ടു സിനിമാതാരങ്ങളുടെ അസ്വഭാവിക മരണത്തിലെ ദുരൂഹതകളും ചര്‍ച്ചാവിഷയമാകുന്നു. മലയാളിക പ്രീയതാരമായിരുന്ന കലാഭവന്‍ മണിയുടെ മരണമാണ് ആദ്യത്തേത്. ഇപ്പോള്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റര്‍ സമുച്ചയത്തില്‍ കലാഭവന്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. തിയറ്റര്‍ സമുച്ചയം ഉദ്ഘാടനം ചെയ്തതിനു ശേഷം ഉടമസ്ഥത സംബന്ധിച്ച് ഇവര്‍ക്കിടെ അഭിപ്രായ ഭിന്നതയുണ്ടായതായി മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐയ്ക്കു രഹസ്യവിവരം ലഭിച്ചു.

ഈ സ്ഥലം ദിലീപിനു പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും കലാഭവന്‍ മണിയാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന. സംരംഭത്തിന്റെ പേരു ‘ഡിഎം സിനിമാസ്’ എന്നായിരിക്കുമെന്നു കലാഭവന്‍ മണി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാല്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണു ചാലക്കുടിയില്‍ സ്ഥലം കണ്ടെത്തിയത്. ഒരു പ്രതിപക്ഷ ജനപ്രതിനിധിക്കും തിയറ്റര്‍ സമുച്ചയത്തില്‍ ബെനാമി നിക്ഷേപമുള്ളതായി ആരോപണം ഉയരുന്നുണ്ട്.

ഡി– സിനിമാസ് നിര്‍മിച്ച സ്ഥലം സര്‍ക്കാര്‍ ഭൂമി വ്യാജ ആധാരങ്ങള്‍ ചമച്ചു കൈവശപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു പരാതി. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

എന്നാല്‍ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളില്‍ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാന്‍ഡ് റവന്യു കമ്മിഷണര്‍ 2015ല്‍ പുറപ്പെടുവിച്ച ഉത്തരവും ഭരണസ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ചതായാണ് ആരോപണം.

നടന്‍ ശ്രീനാഥിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മുറിയില്‍ രണ്ടുപേര്‍ എത്തിയിരുന്നെന്ന ആരോപണമാണ് രണ്ടാമത്തേത്. ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടലിലെ ജനറല്‍ മാനേജര്‍ ജോയി ഇക്കാര്യം ഇപ്പോള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. രണ്ടംഗസംഘം ഇരുപതുമിനിറ്റോളം ശ്രീനാഥിന്റെ മുറിയിലുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ജോയിയുടെ മൊഴി ഇതോടെ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.
2010 ഏപ്രില്‍ 21നായിരുന്നു ശ്രീനാഥ് കോതമംഗലത്തുള്ള ഹോട്ടല്‍ മരിയ ഇന്റര്‍നാഷണലില്‍ മുറിയെടുത്തത്. എം.പത്മകുമാറിന്റെ മോഹന്‍ലാല്‍ ചിത്രം ശിക്കാറില്‍ അഭിനയിക്കാനാണ് അദ്ദേഹം എത്തിയത്. ഇനി ഹോട്ടല്‍ മാനേജര്‍ ജോയിയുടെ മൊഴിയിലേക്ക്. 23ന് രാവിലെ എട്ടിന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് എന്നിവര്‍ ശ്രീനാഥിന്റെ മുറിയിലെത്തി. ഏകദേശം 20 മിനിറ്റിന് ശേഷം അവര്‍ റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയില്‍ നിന്നു മാറ്റിയെന്നും ഉച്ചയോടെ മുറി ഒഴിയുമെന്നും പറഞ്ഞു. 20 മിനിറ്റിനുശേഷം ശ്രീനാഥിന്റെ മുറിയില്‍ നിന്ന് റിസപ്ഷനിലേക്ക് ഫോണ്‍ വന്നു. ഫോണെടുത്തപ്പോള്‍ മറുതലയ്ക്കല്‍ ഞരക്കമാണ് കേട്ടത്. ശ്രീനാഥിന്റെ മുറിയിലെത്തി നോക്കിയപ്പോള്‍ വാതിലിന് പുറകിലായി വീണുകിടക്കുന്നതാണ് കണ്ടത്. ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നു.

സന്ദര്‍ശകരും ശ്രീനാഥുമായി സംസാരിച്ചതെന്തെന്നോ മുറിയില്‍ സംഭവിച്ചതെന്തെന്നോ വ്യക്തമല്ല. ഇക്കാര്യങ്ങള്‍ കണ്ടെത്തി വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറാകണമെന്നാണ് ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here