കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇതോടൊപ്പം കേസിന്റെ നിര്‍ണായക ഘട്ടത്തിലേക്കു പോലീസ് കടക്കുകയാണ്. കഴിഞ്ഞദിവസം ദിലീപിന് ജാമ്യം നിഷേധിച്ച വിചാരണക്കോടതി നടപടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി എത്തുംവരെ സമയം ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ദ്രുതഗതിയിലാണ് നടപടികള്‍ മുന്നോട്ടുപോകുന്നത്. ഇതിനിടെ ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷികളായവരുടെ മൊഴി രേഖപ്പെടുത്തിയതും നിര്‍ണായകമായി. ഇവര്‍ ജോര്‍ജേട്ടന്‍സ് പൂരം സിനിമ സെറ്റിലുണ്ടായിരുന്നു. ദിലീപും പള്‍സര്‍ സുനിയും ഷൂട്ടിങ്ങിനിടെ കണ്ടിരുന്നു. കാലടി മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത് . കേസിന്റെ തുടര്‍നടപടികളില്‍ ഏറെ നിര്‍ണായകമാണിത്.

പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും, ദിലീപിന്റെ സഹായി അപ്പുണ്ണിയെയും കണ്ടെത്താനുളള ശ്രമങ്ങളും ഫലം കണ്ടുതുടങ്ങി. നടി ആക്രമണ കേസിന്റെ ഗൂഡാലോചനയെക്കുറിച്ചുളള വിവരങ്ങള്‍ ഇരുവരുടെയും മൊഴിയെടുക്കുന്നതിലൂടെ മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ എതിര്‍ക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.

ദിലീപിന്റെ അറസ്റ്റിനു മുമ്പു തന്നെ അപ്പുണ്ണി പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിലും അറസ്റ്റിനു തൊട്ടുപിന്നാലെ വിദഗ്ധമായി മുങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ ഭാഷ്യം. കേസിന്റെ മുന്നോട്ടുളള പോക്കില്‍ അപ്പുണ്ണിയുടെ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുളള ബന്ധം സ്ഥാപിക്കാന്‍ പോന്നത്ര വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അപ്പുണ്ണി പ്രതിയാകാനുളള സാധ്യതയും അന്വേഷണ സംഘം തളളിക്കളയുന്നില്ല. പള്‍സര്‍ സുനിയുടെ അഭിഭാഭഷകന്‍ പ്രതീഷ് ചാക്കോയുടെ സ്ഥിതിയും മറിച്ചല്ല.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനായി പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് സുനിയില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം സ്ഥിരീകരിക്കപ്പെടണമെങ്കില്‍ പ്രതീഷിനെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ശേഷം പ്രതീഷ് എങ്ങോട്ടു പോയെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. പ്രതീഷിനെയും അപ്പുണ്ണിയെയും ദിലീപിനൊപ്പം ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ തീരുമാനം. എന്നാല്‍ ഇരുവരെയും കിട്ടാതായതോടെയാണ് ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം അന്വേഷണ സംഘം കോടതിയില്‍ ഉന്നയിക്കാതിരുന്നത്.

ഭാവിയില്‍ അപ്പുണ്ണിയുടെയും പ്രതീഷ് ചാക്കോയെയും കണ്ടെത്തി ഇരുവരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ആലുവ സബ്്ജയിലില്‍ എത്തി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ ധാരണ. ഡിജിപി ബി.സന്ധ്യയുടെ കൂടി സൗകര്യമനുസരിച്ചാവും ദിലീപിന്റെ ഭാര്യ കാവ്യാ മാധവനില്‍ നിന്നും മൊഴിയെടുക്കുക. ഗൂഡാലോചനയുമായി ബന്ധമില്ലെങ്കിലും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. അതേസമയം തിങ്കളാഴ്ച ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ കേസ് ഡയറിയടക്കം ഹാജരാക്കി ഈ ജാമ്യാപേക്ഷയെയും ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here