തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രബല രാഷ്ട്രീയകക്ഷിയായ സിപിഎം ഇനി ഉള്‍പ്പാര്‍ട്ടി നടപടികളിലേക്കു കേന്ദ്രീകരിക്കുന്നു. സെപ്റ്റംബറില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങുന്നതോടെ സുദീര്‍ഘമായ സംഘടാനനടപടികളാണ് പാര്‍ട്ടിയില്‍ തുടക്കംകുറിക്കുക. കേരളത്തിലെ ഷെഡ്യൂള്‍ ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളാകും തീരുമാനിക്കുക. സംസ്ഥാന സമ്മേളനവേദിയും തീരുമാനിക്കണം. കഴിഞ്ഞ സമ്മേളനം ആലപ്പുഴയിലായിരുന്നതിനാല്‍ വടക്കന്‍ കേരളത്തിലാകാനാണു സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പി!ല്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ തൃശൂരും പരിഗണനയിലുണ്ട്.
സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി സമ്മേളനത്തിനുള്ള ആദ്യവെടി വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിയില്‍ പൊട്ടിച്ചുകഴിഞ്ഞു. പഴയ വിഎസ് പക്ഷം ഏറെക്കുറെ നിര്‍ജീവമായെങ്കിലും വിഎസ് മുന്നോട്ടുവച്ച കാര്യം തന്നെയാകും സമ്മേളനങ്ങളുടെ പ്രധാന അജന്‍ഡയാകുക–പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍. സര്‍ക്കാരിനെക്കുറിച്ചു പാര്‍ട്ടിതലത്തില്‍ ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായവ്യത്യാസങ്ങളുണ്ട്. പ്രവര്‍ത്തകര്‍!ക്കു പഴയ പങ്കാളിത്തമില്ലെന്നതടക്കമുള്ള പരാതികളുണ്ട്.
പൊലീസില്‍ ഇടപെടുന്നതിലെ വിലക്കാണു ജില്ലാതല നേതാക്കളെ ചൊടിപ്പിക്കുന്നത്. ആഭ്യന്തരവകുപ്പിനുണ്ടായ വീഴ്ചകള്‍ വിമര്‍ശകര്‍ ആയുധമാക്കും. സംസ്ഥാന സമ്മേളനം വിഎസ് ബഹിഷ്‌കരിച്ചത് ആലപ്പുഴയില്‍ പൊട്ടിത്തെറിക്കു തന്നെ കാരണമായെങ്കില്‍, വിഭാഗീയതയുടെ കാര്യത്തില്‍ പഴയ ചൂട് ഇപ്പോള്‍ പൊള്ളിക്കുന്നില്ല. പിണറായി മുഖ്യമന്ത്രിയും കോടിയേരി സംസ്ഥാന സെക്രട്ടറിയും വിഎസ് ഏതാണ്ടു വിശ്രമത്തിലാകുകയും ചെയ്തതോടെ പഴയ ചേരിപ്പോരിനു ശമനമായി.
എന്നാല്‍, ജില്ലകളില്‍ത്തന്നെ പലതരം ചേരിതിരിവുണ്ട്. പാര്‍ട്ടിയില്‍ പിടിമുറുക്കുന്ന കോടിയേരിക്ക് ഈ സമ്മേളനകാലം നിര്‍ണായകമാണ്. സെക്രട്ടറിപദത്തില്‍ അദ്ദേഹം തുടരുമെന്നത് ഏറെക്കുറെ ഉറപ്പാണെങ്കിലും ജില്ലാനേതൃത്വങ്ങളെ തന്റെ പിന്നില്‍ അണിനിരത്താനുള്ള നീക്കങ്ങള്‍ എത്രകണ്ടു ഫലപ്രദമാകുമെന്നു പിണറായിയും വീക്ഷിക്കും. പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തില്‍! തെക്കന്‍ ലോബിക്കുള്ള പടയൊരുക്കമുണ്ടെങ്കിലും അത്തരം നീക്കങ്ങള്‍ക്കെല്ലാം പരിമിതികളുണ്ട്.
ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭാംഗമാക്കുന്നതില്‍ നിന്നു വിലക്കിട്ടതോടെ രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഘടകം കേരളമായി എന്ന വിശ്വാസത്തിലാണ് ഇവിടെ നേതൃത്വം. ബംഗാള്‍ ഘടകത്തിനു പഴയ ശൗര്യം ഇല്ല. അംഗങ്ങളുടെ എണ്ണത്തിലും കേരളമാണു മുന്നില്‍. യച്ചൂരിക്കെതിരെ കടുത്ത നിലപാട് തന്നെ സംസ്ഥാനമെടുത്തുവെന്നു മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരിയെ രാജ്യസഭയിലെത്തിക്കുന്നതിനെ എതിര്‍ക്കണമെന്ന് ഇവിടെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.
കോണ്‍ഗ്രസിനോടു സഹകരിക്കാനുള്ള നീക്കമാണെന്ന നിലയ്ക്ക് സിപിഐയുടെ വിയോജിപ്പുകളെ പരിഹസിക്കുന്നതിനിടയില്‍ സിപിഎം ജനറല്‍ സെക്രട്ടറി തന്നെ കോണ്‍ഗ്രസ് സഹായം തേടുന്ന സ്ഥിതി ഒഴിവാക്കണമെന്ന തീരുമാനവും അതിനു കാരണമായി. സിപിഐ സമ്മേളനങ്ങളും ആരംഭിക്കുന്നതിനാല്‍ പരസ്പരമുള്ള പോരിന് ആക്കം കൂടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here